വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ നടക്കും. ഇതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. പോർച്ചുഗൽ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത്.

വാഷിങ്ടൻ ഡിസിയിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യൻ സമൂഹവുമെത്തി. റെഡ് കാർപറ്റ് വിരിച്ചായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കൻ വിമാനത്താവളത്തിൽ സ്വാഗതമോതിയത്.

ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നത്. നാളെയാണ് കൂടിക്കാഴ്ച. ഇതിനായി ഒരുങ്ങിയിരിക്കുന്നതായി അമേരിക്കൻ ഭരണകൂടം നേരത്തേ തന്നെ അറിയിച്ചിരുന്നു.

അമേരിക്കൻ പ്രസിഡന്റന്റിനെ കാണുന്നതിന് മുൻപ് അമേരിക്കയിലുള്ള ചില വ്യവസായ പ്രമുഖരെയും ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ അമേിക്കയിലെ ഇന്ത്യക്കാർക്കെതിരെ വർദ്ധിച്ചു വരുന്ന വംശീയ അതിക്രമങ്ങൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും.

എച്ച് വൺ–ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചർച്ച യാകുമെന്നാണ് കരുതുന്നത്. ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 27 ന് ഇന്ത്യൻ പ്രധാനമന്ത്രി നെതർലന്റിലേക്ക് പോകും. രാജാവ് വില്യം അലക്സാണ്ടർ, രാജ്ഞി മാക്സിമ, പ്രധാനമന്ത്രി മാർക് റുട്ടെ എന്നിവരുമായി ഈ സന്ദർശനത്തിൽ മോദി ചർച്ച നടത്തും.

ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കിയാണ് നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോയത്. 11 കരാറുകളിൽ പോർച്ചുഗൽ സന്ദർശനത്തിനിടെ മോദി ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ