ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പല സ്ഥാനാർഥികൾക്ക് എതിരെയും പരസ്യ നിലപാട് എടുത്ത യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രി ആക്കിയത് എന്ത്കോണ്ടാണ് എന്ന ചോദ്യം പൊതുജനത്തിന് മുന്നിലുണ്ട്. എന്നാൽ ആദിത്യ നാഥ് മത്സരിച്ച ഗോരഖ്പൂർ മണ്ഡലത്തിൽ ബിജെപിയുടെ പിന്തുണ അദ്ദേഹത്തിന്​ ആവശ്യമുണ്ടായിരുന്നില്ല. ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് അറിയപ്പെട്ട യോഗി ആദിത്യ നാഥിനെ ബിജെപിക്കായിരുന്നു ആവശ്യം. ഹിന്ദുത്വ വോട്ടുകൾ ഏകീകരിക്കാൻ ഉത്തർപ്രദേശിൽ ബിജെപിയുടെ തുറുപ്പു ചീട്ടായിരുന്നു ആദിത്യ നാഥ്.

ഉത്തർപ്രദേശിലെ ഗാർവാൾ സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 21-ാം വയസ്സിൽ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി ഗൊരഖ്‌നാഥ് മഠത്തിൽ അദ്ദേഹമെത്തി.

കടുത്ത ഹിന്ദുത്വവാദിയാണ് സദാ കാവിയണിഞ്ഞുനടക്കുന്ന ആദിത്യനാഥ്. ഗൊരഘ്‌നാഥ് മഠത്തിലെത്തി അഞ്ചാം വർഷംതന്നെ അവൈദ്യനാഥിന്റെ ശിഷ്യന്മാരിൽ പ്രധാനിയായി. അവൈദ്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതയുമായാണ് 1996-ൽ ആദിത്യനാഥ് രാഷ്ട്രീയത്തിലെത്തുന്നത്. 1998-ൽ അവൈദ്യനാഥ് സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറിയപ്പോൾ ആ ദൗത്യം ആദിത്യനാഥ് ഏറ്റെടുക്കുകയായിരുന്നു. 1998-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചത് അങ്ങനെ. പിന്നീട് തുടർച്ചയായി നാല് തവണ ഗോരഖ്പൂർ ആദിത്യനാഥിനെ വിജയിപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.12 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.

ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത റാലി യോഗി ആദിത്യ നാഥിന്റേതായിരുന്നു. ഹെലികോപ്റിലാണ് ആദിത്യ നാഥ് ഉത്തർപ്രദേശ് മുഴുവൻ സന്ദർശിച്ചത്.

ഷാരൂഖാനെതിരെയും, മദർ തെരേസയ്ക്ക് എതിരെയും പ്രസംഗിച്ച് ആദിത്യ നാഥ് വിവാദങ്ങളിലും പെട്ടു. പക്ഷെ യുപി ജനതയുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെക്കുന്നതിൽ യോഗി ആതിദ്യ നാഥ് വലിയ വിജയമായിരുന്നു. ഇതിന്റെ പ്രത്യുപകാരം തന്നെയാണ്​ ഈ മുഖ്യമന്ത്രി സ്ഥാനവും. ഗോരഖ്പൂരിൽ ആദിത്യ നാഥിന്രെ അണികൾ യോഗി സേവക് എന്ന പേരിലാണ് അറിയപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ പ്രവർത്തകരുടെ വണ്ടികളിൽ നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം യോഗി സേവക് എന്ന എഴുത്തായിരുന്നു കണ്ടത്.

ഗോ സംരക്ഷണവും, തീവ്രദേശീയതയും പറഞ്ഞ ആദിത്യ നാഥ് കളം നിറഞ്ഞ് കളിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ നരേന്ദ്രമോദി യോഗി ആദിത്യ നാഥിനെ ഉപയോഗിക്കുകയാരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ