ന്യൂഡൽഹി: വിദേശ മാധ്യമങ്ങളുടെ മോദി പുകഴ്ത്തലിന് അവസാനമാകുന്നു. നരേന്ദ്ര മോദിയുടെ ഇതുവരെയുള്ള ഭരണം രാജ്യത്ത് തൊഴിൽ ഇല്ലായ്മയ്ക്ക് കാരണമായെന്ന ബോധ്യത്തിൽ എത്തിയിരിക്കയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ. അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയായിരുന്ന സാമ്പത്തിക വ്യവസ്ഥയെ കുട്ടിച്ചോറാക്കുന്ന നടപടികളാണ് സർക്കാരിൽ നിന്നും ഉണ്ടായതെന്നും ഇവർ വിലയിരുത്തുന്നു.

ഒരിക്കൽ മോദിയെ പ്രശംസിച്ച ലോകപ്രശസ്തമായ ‘ദി ഇക്കോണമിസ്റ്റ്’ വാരിക ഇപ്പോൾ തിരുത്തിപ്പറയുകയാണ്. ഇത് രണ്ടാം തവണയാണ് വാരിക മോദിയെ വിമർശിക്കുന്നത്. മോദിപ്രഭാവം മങ്ങുന്നതായി വാരിക അഭിപ്രായപ്പെട്ടു. നോട്ടുനിരോധനവും ചരക്ക്, സേവന നികുതിയും ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ അപ്രമാദിത്വം തകർത്തെന്നു ലണ്ടൻ ആസ്ഥാനമായ ഇംഗ്ലിഷ് വാരിക മുഖപ്രസംഗത്തിൽ പറയുന്നു. കഴിഞ്ഞ മാർച്ചിൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻജയത്തോടെ എതിരാളികളില്ലാത്ത നിലയിൽനിന്നു മോദി ഏറെ പിന്നാക്കം പോയെന്നും വാരിക പറയുന്നു.

അടുത്തകാലംവരെ 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിവിജയം ഉറപ്പായിരുന്നു. ബിജെപി ജയിക്കാൻ സാധ്യതയുണ്ടെങ്കിലും മോദിയുടെ തിളക്കം കുറയുകയാണ്. ഇതിനു മോദി സ്വയം പഴിച്ചാൽ മതി. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയിൽ ഭരണം മറയ്ക്കുകയാണ് അദ്ദേഹം. നോട്ടുനിരോധനം മൊത്തം ആഭ്യന്തര ഉൽപാദനം കാര്യമായി കുറയാൻ ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ ഏറ്റവും മോശം രീതിയിൽ ചരക്ക്, സേവന നികുതി നടപ്പാക്കിയതു സ്ഥിതി കൂടുതൽ മോശമാക്കി.

മാധ്യമപ്രവർത്തനം ഭീതിയിലാണ്. ബിജെപിയിലെ രണ്ടാമൻ അമിത് ഷായുടെ മകന്റെ ബിസിനസ് സംബന്ധിച്ചു ചോദ്യമുന്നയിച്ചവരെ നിയമനടപടികളിൽ കുരുക്കുന്നു. മോദിയെ അനുകരിക്കുന്ന തമാശക്കാർക്ക് അവസരം നിഷേധിക്കുന്നു. ശരിയായ വിമർശനം അനുവദിക്കാത്തതിനാൽ മോദിയുടെ നയങ്ങളും നിർദേശങ്ങളും ഫലപൂർത്തിയിലെത്തുന്നില്ല. ഇക്കോണമിസ്റ്റ് ഒരു ഉപദേശവും മോദിക്കു നൽകുന്നുണ്ട്: വിജയം തുടരണമെങ്കിൽ പ്രചാരണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, രാജ്യത്തെ നന്നായി ഭരിക്കാൻ അറിയാമെന്നു കാണിച്ചുകൊടുക്കുക. ഈ പ്രകടനമെല്ലാം വോട്ടർമാർ അധികം വൈകാതെ മറക്കും.

നരേന്ദ്രമോദി കടലാസുപുലിയെന്ന് ‘ഇക്കണോമിസ്റ്റ്’ മാസിക രണ്ട് മാസങ്ങൾക്ക് മുൻപ് വിലയിരുത്തിയിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറ്റതിനു ശേഷമുള്ള മൂന്നുവര്‍ഷവും കാതലായ സാമ്പത്തിക പരിഷ്കരണങ്ങളിലൊക്കെ പരാജയപ്പെട്ടു എന്നാണ് ഇക്കണോമിസ്റ്റ് വിമര്‍ശിക്കുന്നത്.

അതേസമയം, നരേന്ദ്ര മോദിയുടെ പ്രിയ പദ്ധതി ‘സ്വച്ഛ് ഭാരതി’നെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ പ്രതിനിധിയും രംഗത്തെത്തി. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി മുന്നോട്ടു പോകുന്നെതെന്നാണു വിമർശനം. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ തന്റെ സന്ദർശനത്തിന്മേലുള്ള പ്രാരംഭ റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു ഹെല്ലർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook