ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയ്ക്കായി 126 ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങിക്കാനുളള തീരുമാനം വൻ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തൽ. ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ റഫേൽ ജെറ്റ് ഒന്നിന് 41.42 ശതമാനം അധിക തുക നൽകിയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുമെന്ന് 2015 ഏപ്രില്‍ പത്തിനാണ് മോദി പ്രഖ്യാപിച്ചത്. റഫേൽ ജെറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി ഒരുക്കുന്ന ഡിസൈൻ ആന്റ് ഡെവലപ്മെന്റിന് വേണ്ടി 130 കോടി ഡോളർ ഫ്രാൻസ് ആവശ്യപ്പെട്ടു. ഇത് നൽകാമെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. ഓരോ വിമാനത്തിന്റെയും നിരക്കിലേക്ക് ഈ തുക കൂട്ടിച്ചേർത്തതോടെ വില ഗണ്യമായി വർധിക്കുകയായിരുന്നു. ഓരോ റഫേൽ ജെറ്റിന്റെയും വില 41.42 ശതമാനമാണ് വര്‍ദ്ധിച്ചത്.
ഇന്ത്യൻ വ്യോമസേന 126 ബെയര്‍ ബോണ്‍ വിമാനങ്ങള്‍ വാങ്ങിക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചത്. റഫേല്‍ വിമാനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. പാർലമെന്റിന്റെ പ്രിവിലേജ്ഡ് കമ്മിറ്റിക്കു മുമ്പാകെ പോലും ഈ ഇടപാടിന്റെ പൂർണവിവരം നൽകാൻ എൻഡിഎ സർക്കാർ തയ്യാറായില്ല. ഫ്രാൻസുമായുള്ള ഈ കരാർ സുരക്ഷാപരമായ കാരണങ്ങളാൽ രഹസ്യാത്മകത പുലർത്തുന്നതാണ് ഇതിന് കാരണം പറഞ്ഞത്.
തങ്ങളുടെ പങ്കാളിയുടെ സുരക്ഷാപരമായ പ്രശ്നങ്ങളാലാണ് ഈ വിമാനങ്ങളുടെ ശേഷി സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയാത്തതെന്ന് ഫ്രാൻസ് വ്യക്തമാക്കി. പക്ഷെ, ഈ നിയന്ത്രണം വിലനിലവാരം സംബന്ധിച്ച വിവരങ്ങൾ പുറത്തവിടുന്നതിനെ ബാധിക്കുന്നില്ലെന്നത് വ്യക്തമാണ്.