ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. ഇന്ത്യയുടെ യുവത്വത്തിനും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതസമമായിരുന്നു മോദി സര്ക്കാരെന്നായിരുന്നു മന്മോഹന് സിങ്ങിന്റെ പ്രതികരണം.
”ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായിരുന്നു മോദി സര്‍ക്കാരിന്റെ ഭരണം” പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ മന്മോഹന് സിങ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാവിപ്പാര്‍ട്ടിയുടെ പ്രധാന പ്രചരണ തന്ത്രം ദേശീയതയാണെന്നും ഓരോ ദിവസവും ഓരോ വാദവും നരേറ്റീവും കണ്ടെത്തുകയാണെന്നും മന്മോഹന് സിങ് പറഞ്ഞു.
”സര്‍ക്കാര്‍ രാജ്യത്തിന്റെ ഒരുമിച്ചുള്ള വളര്‍ച്ചയില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണം” മന് മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു. പ്രധാമന്ത്രിയുടെ രാജീവ് ഗാന്ധിക്കെതിരായ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് മന്‍മോഹന്റേയും വിമര്‍ശനം ഉയരുന്നത്.
Read More: അച്ഛനെ പറഞ്ഞ മോദിക്ക് രാഹുലിന്റെ വക ‘ആലിംഗനം’; കര്‍മ്മഫലം കാത്തിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്
‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. പിതാവും മുന്‍ പ്രധാനമന്ത്രിയും ആയ രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. വിധി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഹുല്‍ പ്രതികരിച്ചത്.
‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.