റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താനെന്ന മോദിയുടെ പരാമര്‍ശത്തെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. സംസാരം കൊണ്ട് മാത്രം ബന്ധങ്ങള്‍ ഉണ്ടാകില്ലെന്നും അത് പരിപോഷിപ്പിച്ച് കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു. യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സഹോദരി പ്രിയങ്കയ്ക്കൊപ്പം എത്തിയതായിരുന്നു രാഹുല്‍.
പോകുന്നിടത്തൊക്കെ ബന്ധമുണ്ടെന്ന് പറയുന്നയാളാണ് മോദി. വാരാണസിയില്‍ പോയപ്പോള്‍ തന്റെ മാതാവ് ഗംഗ ആണെന്നും താന്‍ വാരാണസിയുടെ മകനാണെന്നും അവകാശപ്പെട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വാരാണസിയുടെ വികസനം ഉറപ്പുവരുത്തുമെന്ന് പറഞ്ഞയാളാണ് മോദിയെന്നും രാഹുല്‍ പറഞ്ഞു.
ഒരുപാട് വാഗ്ദാനങ്ങള്‍ മോദി പാലിച്ചില്ല. ഗംഗ വൃത്തിയാക്കുമെന്ന് പറഞ്ഞു. സൗജന്യ വൈഫൈ നല്‍കുമെന്ന് പറഞ്ഞു. ഭോജ്പുരി ഫിലിം സിറ്റിയും വാഗ്ദാനം ചെയ്തു. മോദിജി, നിങ്ങള്‍ സ്വന്തം അമ്മയ്ക്ക് നല്കിയ വാക്കു പോലും പാലിച്ചില്ലെന്നും ഗംഗാ നദിയെ ചൂണ്ടിക്കാട്ടി രാഹുല്‍ കുറ്റപ്പെടുത്തി. മോദിയുടെ വാഗ്ദാനങ്ങൾ പരിശോധിച്ച് അതിലേതൊക്കെ നടപ്പാക്കിയെന്ന് പരിശോധിക്കാൻ അദ്ദേഹം മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.
മോദി അച്ചാ ദിൻ വാഗ്ദാനം ചെയ്തത് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയിലെ ഷാരൂഖ് ഖാനേപ്പോലെയായിരുന്നു. എന്നാൽ ക്ലൈമാക്സ് എത്തിയപ്പോള്‍ അദ്ദേഹം ഷോലെയിലെ വില്ലൻ കഥാപാത്രം ഗബ്ബാർ സിംഗായി മാറിയിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
യുപിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് മോദിയുടെ വാഗ്ദാനം. ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി മനസുവച്ചാൽ കേവലം 15 മിനിറ്റുകൊണ്ട് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാം. എന്നാല്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ മോദി പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.