ഡെറാഡൂണ്‍: രാജ്യത്ത് മോദി തരംഗം മങ്ങിപ്പോയെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒമ്പതിന് ഹിമാചല്‍പ്രദേശില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയില്‍ എത്തിയതായിരുന്നു അദ്ദേഹം. ജിഎസ്ടിയും നോട്ട് നിരോധനവും ജനങ്ങളെ കഷ്ടപ്പാടിലേക്ക് നയിച്ചുവെന്നും ഗുജറാത്തിലും ഹിമാചലിലും നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനെതിരായ വിധി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഹിമാചലിലും ഗുജറാത്തിലും ഏറ്റവും കനത്ത തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപിയെ സഹായിച്ച ‘ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) മാജിക്’ ഇത്തവണ നടപ്പില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍ ജനങ്ങള്‍ക്കുളള വിശ്വാസം നഷ്ടപ്പെട്ടു’, നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.
ഹിമാലയന്‍ സംസ്ഥാനങ്ങളോട് എന്‍ഡിഎ സര്‍ക്കാര്‍ വേര്‍തിരിവ് കാട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി വിദര്‍ഭാ സിങ്ങിന്റെ പ്രവര്‍ത്തനത്തില്‍ ഹിമാചല്‍പ്രദേശ് വികസനത്തില്‍ ഏറെ മുന്നിലാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു.