ന്യൂഡൽഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ട്രൂഡോയും കുടുംബവും ഇന്ത്യയില്‍ എത്തി അഞ്ച് ദിവസത്തിന് ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ആറു കരാറുകളിൽ ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചു.

ട്രൂഡോയുടെ വരവിനായി ഇന്ത്യ കാത്തിരിക്കുകയായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്ര മോദി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ത്യയിൽ വന്നതിൽ സന്തോഷമുണ്ട്. ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തീവ്രവാദം. ഇരുരാജ്യങ്ങളും തമ്മില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ യോജിച്ച് പോരാടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു.

ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇന്ത്യയില്‍ തണുപ്പന്‍ സ്വീകരണം എന്നു കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതിന് പ്രോട്ടോക്കോള്‍ ലംഘനം പോലും നടത്താറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ആറാം ദിവസമാണ് ട്രൂഡോ കാണുന്നത്. ഫെബ്രുവരി 17നു ശനിയാഴ്ച കൃഷി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് ട്രൂഡോയെ സ്വീകരിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ