ന്യൂഡൽഹി: റഷ്യ ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടി ഇന്ന്. ഉച്ച കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി അദ്ദേഹം വീണ്ടും വേദി പങ്കിടും. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഷീ ജിൻപിങ്ങും ഒരേ വേദി പങ്കിടുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരു രാഷ്ട്ര തലവന്മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ)യിലെ എല്ലാ അംഗരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ ആറ് മാസമായി കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യയുടേയും, ചൈനയുടേയും സൈനികർ തമ്പടിച്ചിരിക്കുകയാണ്.

സാമ്പത്തിക സഹകരണ തന്ത്രങ്ങളും ഭീകരവാദം തടയാനുള്ള സംവിധാനങ്ങളും ഇന്നു നടക്കുന്ന 12ാം ബ്രിക്സ് ഉച്ചകോടി അവലോകനം ചെയ്യുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

റഷ്യ ആതിഥ്യം വഹിക്കുന്ന വെർച്വൽ ഉച്ചകോടിയിൽ, പ്രസിഡന്റ് വ്ലാഡിമിർ പുടിനു പുറമേ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ എന്നിവർ പങ്കെടുക്കും.

യുഎന്നിന്റെ 75-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലും കോവിഡ് -19 മഹാമാരിക്കിടയിലും നടക്കുന്ന 12-ാമത് ഉച്ചകോടിയിൽ, ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇതിന് പുറമേ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കൊറോണ വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നിവയെക്കുറിച്ചും ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

“കൊറോണ വൈറസ് അണുബാധയുടെ വ്യാപനം മൂലമുള്ള നിലവിലെ ആഗോള സാഹചര്യത്തിലും, 2020 ൽ റഷ്യൻ ബ്രിക്സ് ചെയർമാൻഷിപ്പിന് കീഴിലുള്ള പ്രവർത്തനങ്ങൾ സ്ഥിരമായ രീതിയിലാണ് നടത്തുന്നത്. 2020 ജനുവരി മുതൽ വീഡിയോ കോൺഫറൻസിംഗ് ഉൾപ്പെടെ 60 ലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,” റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഉപദേശകൻ ആന്റൺ കോബിയാക്കോവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook