പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. തൊഴിലില്ലായ്മ വർദ്ധിക്കുന്നതിലും സമ്പദ്‌വ്യവസ്ഥ താളം തെറ്റുന്നതിലും യുവാക്കൾക്കുള്ള രോഷത്തിൽ നിന്നും രക്ഷപ്പെടാനാണ് അവർ വിദ്വേഷത്തിന് പിന്നിൽ ഒളിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഓരോ ഇന്ത്യക്കാരും പരസ്പരം സ്നേഹിക്കുന്നതിലൂടെ മാത്രമേ മോദിയേയും അമിത് ഷായേയും പരാജയപ്പെടുത്താൻ സാധിക്കൂ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

Read More: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര: പ്രധാനമന്ത്രി

ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസിനെതിരെ നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം വന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ചും കോൺഗ്രസ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും ജനങ്ങളുടെ വികാരങ്ങളെ മുതലെടുക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.

“പ്രിയ യുവാക്കളേ, മോദിയും ഷായും നിങ്ങളുടെ ഭാവി നശിപ്പിച്ചു. ജോലിയുടെ അഭാവത്തെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നിങ്ങൾക്കുള്ള ദേഷ്യം നേരിടാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് അവർ നമ്മുടെ പ്രിയപ്പെട്ട ഇന്ത്യയെ ഭിന്നിപ്പിക്കുകയും വിദ്വേഷത്തിന് പിന്നിൽ മറയ്ക്കുകയും ചെയ്യുന്നത്. എല്ലാ ഇന്ത്യക്കാരും പരസ്പരം സ്നേഹിക്കുന്നതിലൂടെ മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താൻ കഴിയൂ,” രാഹുൽ ഗാന്ധി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ കളത്തിലിറക്കി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായും പൗരത്വ രജിസ്റ്ററിനെതിരായും ഡല്‍ഹിയില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയായിരിക്കും ധര്‍ണയ്ക്ക് നേതൃത്വം നല്‍കുക.

രാജ്ഘട്ടില്‍ തിങ്കളാഴ്ചയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുക. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെ രാഹുല്‍ ഗാന്ധി ധര്‍ണയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് നടക്കേണ്ട ധർണ തിങ്കളാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടും ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി ഡൽഹിയിൽ നടക്കുന്നതിനാലുമാണ് കോൺഗ്രസ് പ്രതിഷേധ പരിപാടി മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook