ന്യൂഡൽഹി: ചരക്ക് സേവന നികുതി(ജിഎസ്ടി) രാജ്യത്ത് നിലവില്‍ വന്നതോടെ വിദ്യാഭ്യാസ രംഗത്തും മാറ്റമുണ്ടാകുമെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ്സ് വിദ്യാർത്ഥികൾക്ക് ഇനി ജിഎസ്ടിയുടെ ഒരു അധിക പരീക്ഷ കൂടി എഴുതേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട പുതിയ പാഠ്യപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

തുടക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വർഷം നവംബറിലായിരിക്കും ജിഎസ്ടി പരീക്ഷ നടത്തുക. എന്നാൽ ഈ പരീക്ഷയില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 10മാർക്ക് ആയിരിക്കും ഉണ്ടാവുക. അടുത്ത വർഷം മെയ് മുതൽ ഇത് 100മാര്‍ക്കിനുള്ള ചോദ്യങ്ങളായി ഉയര്‍ത്തും.

പുതിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ മൂന്നു തലങ്ങളിലായാണ് മാറ്റങ്ങള്‍ ഉണ്ടാവുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഉത്തരേന്ത്യന്‍ റീജ്യണല്‍ കൌണ്‍സില്‍ വൈസ് ചെയർമാൻ വിവേക് ​​ഖുരാന അറിയിച്ചു. കോമണ്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് (സിപിടി), ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ കോമ്പറ്റിൻസ് കോര്‍ട്ട്(ഐപിസിസി), ഫൈനൽ പരീക്ഷ എന്നീ മൂന്നു തലങ്ങളിലും മാറ്റങ്ങളുണ്ടാകും.

“സിഎ ഐപിസിസിക്ക് എട്ടു വിഷയങ്ങൾ ഉണ്ട്. ഇതില്‍ ലോ പേപ്പറിലെ ‘എമിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ’ എന്ന ഭാഗം നീക്കം ചെയ്യും. സെക്കന്‍ഡ് ഗ്രൂപ്പിലേക്ക് 100മാര്‍ക്ക് വരുന്ന ‘ഫിനാൻഷ്യൽ മാനേജ്മെന്റ്’ ചേര്‍ക്കും. ഫൈനല്‍ പരീക്ഷക്കുള്ള രണ്ടാമത്തെ ഗ്രൂപ്പില്‍ ‘ക്യാപിറ്റൽ മാർക്കറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന 50മാർക്കിന്റെ പുതിയ വിഷയം ഉള്‍പ്പെടുത്തും.” വിവേക് ഖുരാന വിശദീകരിച്ചു.

“പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും. ഇത് കൂടുതൽ തൊഴിൽ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാത്രമല്ല, സിഎക്കാരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളര്‍ത്തുന്നതിനും സഹായിക്കും.” ഖുരാന കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ