പാലന്‍പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാകിസ്ഥാന്റെ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍രാജ്യത്തെ നേതാക്കളുമായി കോൺഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്നും മോദി ചോദിച്ചു. പാലന്‍പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാൻ സൈന്യത്തിന്റെ മുൻ ഡയറക്ടർ ജനറൽ സർദാർ അർഷാദ് റഫീഖ്, ഗുജറാത്ത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വരണമെന്ന് പറഞ്ഞത് സംശയമുണ്ടാക്കുന്നതാണെന്നും മോദി പറഞ്ഞു. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ തന്നെ തരംതാണവനെന്ന് വിളിച്ചത് പാകിസ്ഥാനിലെ നേതാക്കൾ കോൺഗ്രസ് നേതാക്കളെ കണ്ടതിന് ശേഷമാണെന്നും അദ്ദേഹം ആരോപിച്ചു.

‘മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് അദ്ദേഹം പാക് ഹൈകമ്മീഷണറും പാക് വിദേശകാര്യ മന്ത്രിയും ആയി കൂടിക്കാഴ്ച്ച നടത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ പ്രസിഡന്റും കൂടിക്കാഴ്ച്ചയില്‍ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നീണ്ടു’, മോദി ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ