അഗര്‍ത്തല: ലളിതമായ ജീവിതരീതിയിലൂടെ പ്രശസ്തനായ ആളാണ് ത്രിപുരയില്‍ നാല് വട്ടം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാണിക് സര്‍ക്കാര്‍. 2013ല്‍ ഒരൊറ്റ സീറ്റ് പോലും നേടാതിരുന്ന ബിജെപി ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് തേരോട്ടം നടത്തിയത്. 25 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ചിരുന്ന സിപിഎമ്മിന് ഇത്രയും വലിയ പരാജയം ആഘാതമാണ്.

20 വര്‍ഷം ത്രിപുരയെ ഭരിച്ചത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാണ്. ഫെബ്രുവരി 18ന് നടന്ന തിരഞ്ഞെടുപ്പിനായ് അദ്ദേഹം സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം കൈയ്യില്‍ വെറും 1,520 രൂപയും ബാങ്ക് അക്കൗണ്ടില്‍ 2,410 രൂപയുമാണ് സര്‍ക്കാരിന് ഉണ്ടായിരുന്ന പണം. 69കാരനായ ഈ കമ്മ്യൂണിസ്റ്റുകാരന് കൃഷ്ണനഗറില്‍ 0.0118 ഏക്കര്‍ ഭൂമിയുണ്ട്. പാരമ്പര്യ സ്വത്തായി കിട്ടിയ ഈ ഭൂമി അദ്ദേഹത്തിന്റെ ഏക സഹോദരിക്ക് കൂടി അവകാശപ്പെട്ടതാണ്.

1998 മുതല്‍ ത്രിപുരയുടെ മുഖ്യമന്ത്രിയായിരിക്കുന്ന അദ്ദേഹത്തിന് സ്വന്തമായി കാറോ ബാങ്കില്‍ നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ ഇല്ല. മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത അദ്ദേഹത്തിന് ഇമെയില്‍ അക്കൗണ്ട് പോലുമില്ല. കൂടാതെ സോഷ്യൽ മീഡിയ പ്രചരണങ്ങളിലും അദ്ദേഹം സജീവമല്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 9,720 രൂപയാണ് ഉണ്ടായിരുന്നത്.

തന്റെ മാസശമ്പളമായ 26,315 രൂപ അദ്ദേഹം സിപിഎം ഫണ്ടിലേക്കാണ് സംഭാവന ചെയ്യാറുളളത്. അതുകൊണ്ട് തന്നെ പാര്‍ട്ടി അദ്ദേഹത്തിന് മാസവിഹിതമായി 9,700 രൂപ നല്‍കി വരുന്നുണ്ട്. ഈ തുക കൊണ്ടാണ് അദ്ദേഹം ജീവിതം  മുന്നോട്ട് കൊണ്ട് പോകുന്നത്. പൊരിയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ പാഞ്ചാലി ഭട്ടാച്ചര്‍ജി ഒരിക്കലും സര്‍ക്കാരിന്റെ കാര്‍ ഉപയോഗിച്ചിരുന്നില്ല. അവര്‍ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്.

പാഞ്ചാലി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി വിരമിക്കുമ്പോള്‍ 201,40 രൂപയാണ് കൈവശം ഉണ്ടായിരുന്നത്. ബാങ്കില്‍ 12 ലക്ഷം രൂപയുണ്ട്. 21 ലക്ഷം രൂപ വിലയുളള കെട്ടിടമാണ് സര്‍ക്കാരിന്റെ ഭാര്യയുടെ പേരിലുളളത്. 60,000 രൂപ വിലയുളള സ്വര്‍ണവും പാഞ്ചാലിയുടെ കൈയിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് പാഞ്ചാലി താമസിക്കുന്നത്. കുട്ടികളോ മറ്റ് ആശ്രിതരോ ഇരുവര്‍ക്കുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയര്‍ത്തി കാട്ടിയാണ് ത്രിപുരയില്‍ ബിജെപി വോട്ട് തേടിയത്. അഗര്‍ത്തലയിലും മറ്റും മോദിയുടെ കട്ടൗട്ടുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ത്രിപുര ബിജെപി അദ്ധ്യക്ഷനായ ബിപ്ലാബ് ദേബിന്റെ നേതൃത്വത്തിലാണ് ബിജെപി വിജയം തൂത്തുവാരിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ