ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുകയും രാജ്യത്തെ പൗരന്മാരെ അവഹേളിക്കുകയും ചെയ്യുകയാണെന്ന് മോദി പറഞ്ഞു. ‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നമ്മുടെ ചരിത്രത്തില്‍ നിന്നാണ്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ക്കാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല. എന്നിട്ടും ചിലര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വിചാരണ ചെയ്യുന്നു. ഇത്തരക്കാര്‍ കര്‍ണാടകയിലെ ജനങ്ങളെയും അതിന്റെ പാരമ്പര്യത്തെയും രാജ്യത്തെ 130 കോടി പൗരന്മാരെയും അവഹേളിക്കുകയാണെന്നും മോദി പറഞ്ഞു.
ഹുബ്ബള്ളിയിലെ ശ്രീ സിദ്ധാരൂഢ സ്വാമി റെയില്‍വേ സ്റ്റേഷനില്‍ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്ഫോം, ധാര്‍വാഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പുതിയ കാമ്പസ്, മറ്റ് പദ്ധതികള്‍ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവേശ്വരന്റെ അനുഭവ മണ്ഡപം പോലുള്ള ചരിത്രപരമായ ജനാധിപത്യ സ്ഥാപനങ്ങളുടെ സാന്നിധ്യം മൂലം ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ് എന്ന് അവകാശപ്പെടാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. ലണ്ടനില്‍ ബസവേശ്വരന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത കാര്യം അനുസ്മരിച്ച മോദി അതേ നഗരത്തില്‍ ഇന്ത്യന്‍ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞു.
കര്‍ണ്ണാടകയിലെ ജനങ്ങള്‍ ഇത്തരക്കാരെക്കുറിച്ച് ബോധവാന്മാരായിരിക്കണം പ്രധാനമന്ത്രി പറഞ്ഞു, തന്റെ സമീപകാല ഇംഗ്ലണ്ട് സന്ദര്‍ശന വേളയില്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുകയാണെന്നും മോദി പറഞ്ഞു. നേരത്തെ, റോഡുകളും റെയില്‍വേ പദ്ധതികളും പ്രഖ്യാപിച്ചത് രാഷ്ട്രീയ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണെന്നും മുന്‍ സര്‍ക്കാരുകള്‍ക്കെതിരെ അദ്ദേഹം പറഞ്ഞു.
‘സ്റ്റേഷനില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ഉണ്ട്. ഇതൊരു റെക്കോര്‍ഡ് മാത്രമല്ല. ഇത് ഒരു പ്ലാറ്റ്ഫോമിന്റെ വിപുലീകരണം മാത്രമല്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്ന ചിന്തയുടെ വിപുലീകരണമാണിത്, ‘ശ്രീ സിദ്ധാരൂധ സ്വാമി റെയില്‍വേ സ്റ്റേഷനിലെ പുതിയ പ്ലാറ്റ്ഫോമിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.