/indian-express-malayalam/media/media_files/2025/12/05/india-russia-trade-deal-2030-2025-12-05-13-08-08.jpg)
India-Russia trade deal 2030 (Express photo by Renuka puri)
Putin-Modi Bilateral Talks: ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വള്ാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ 2030 വരെയുള്ള ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണത്തിനായുള്ള തന്ത്രപ്രധാന പ്രഖ്യാപനം നടത്തിയേക്കും. യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ, തൊഴിൽ കുടിയേറ്റ കരാർ, ആർട്ടിക് കപ്പൽ നിർമ്മാണം എന്നിവയിൽ സഹകരണം ഉറപ്പാക്കാനും സാധ്യതയുണ്ട്.
Also Read:പുടിൻ ഡൽഹിയിൽ; വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി മോദി
വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലെത്തിയ പുടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദി സ്വീകരിച്ചത്. ഇരു നേതാക്കൾക്കുമിടയിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി. തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടന്ന സ്വകാര്യ അത്താഴവിരുന്നിലും ഇരുവരും പങ്കെടുത്തു. ഭഗവദ്ഗീതയുടെ റഷ്യൻ പതിപ്പ് മോദി പുടിന് സമ്മാനമായി നൽകി.
2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം പുടിൻ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമാണിത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ 25 ശതമാനം പിഴച്ചുങ്കം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ആഗോള സാഹചര്യങ്ങൾ ചർച്ചയാകുമെങ്കിലും, വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, ആണവോർജ്ജം തുടങ്ങിയ ഉഭയകക്ഷി വിഷയങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്. എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ, സുഖോയ്-57 യുദ്ധവിമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പദ്ധതികളും ചർച്ചയുടെ ഭാഗമായേക്കാം.
വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണത്തിന് ശേഷം പുടിൻ രാജ്ഘട്ട് സന്ദർശിക്കും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ വെച്ച് ഉഭയകക്ഷി ചർച്ചകൾ നടക്കും. ഇരു നേതാക്കളും ചേർന്ന് ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും.
2024-25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 68.7 ബില്യൺ ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തിയിരുന്നു. എന്നാൽ ഇതിൽ 63.8 ബില്യൺ ഡോളറും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയാണ് (പ്രധാനമായും എണ്ണ). ഈ അന്തരം കുറയ്ക്കാനായി ഇന്ത്യയിൽ നിന്നുള്ള പഴങ്ങൾ, പച്ചക്കറികൾ, മരുന്നുകൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു.സന്ദർശനത്തിന് ശേഷം സംയുക്ത പ്രസ്താവന പുറത്തിറക്കാനും വിവിധ മേഖലകളിലുള്ള ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കാനും സാധ്യതയുണ്ട്.
Read More:പുടിനുമായി കൂടിക്കാഴ്ചയിൽ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കി; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us