ന്യൂഡല്‍ഹി: അയോധ്യ കേസ് വിധിക്ക് പിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. വിധി രാജ്യം അംഗീകരിച്ചതായും ഇന്ത്യയുടെ ജനാധിപത്യം എത്ര കരുത്തുറ്റതാണെന്ന് ലോകം കണ്ടുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്നത്തെ സംഭവങ്ങള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. വിധിയെ അംഗീകരിച്ചത് ഇന്ത്യയുടെ സഹിഷുണ്തയുടെ പ്രതിഫലനമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം അവസാനിച്ചു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതി. വരൂ പുതിയ ചരിത്രം രചിക്കാം, പുതിയ ഇന്ത്യ നിർമിക്കാമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Also Read: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം

നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടതെന്നും നവംബര്‍ ഒമ്പത് ചരിത്ര ദിവസമാണെന്നും മോദി പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധി. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. തെറ്റായ സന്ദേശങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യം കാത്തിരിക്കുന്ന അയോധ്യ ഭൂമിത്തര്‍ക്ക കേസില്‍ ഇന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിച്ചത്. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറഞ്ഞത്.

Also Read: ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നു: സിപിഎം

2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇത് തെറ്റാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിർമിക്കാം.

അതേസമയം, മുസ്‌ലിങ്ങള്‍ക്ക് ആരാധന നടത്താനുള്ള സ്ഥലം അയോധ്യയില്‍ തന്നെ അനുവദിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യയില്‍ തര്‍ക്കഭൂമിക്കു പുറത്തുള്ള സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്‌ലിങ്ങള്‍ക്ക് പള്ളി പണിയാന്‍ നല്‍കണം. ഇതിനു കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളിലാണ് സുപ്രീം കോടതിയുടെ വിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook