ദണ്ഡേവാഡ: രൂപത്തിലൂടെയും സംസാരത്തിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരനെന്ന് അറിയപ്പെട്ട അഭിനന്ദൻ പതക് ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്ന ഛത്തീസ്ഗഡിലെ നക്സൽ സാന്നിധ്യ മേഖലകളിൽ കോൺഗ്രസിനായി പ്രചാരണം നടത്തുന്ന അദ്ദേഹം പറയുന്ന് അച്ഛേ ദിൻ വരാൻ പോകുന്നില്ലെന്നാണ്.

”മോദിയുടെ രൂപസാദൃശ്യമുളളതിനാൽ എന്നെ കാണുമ്പോഴൊക്കെ ജനങ്ങൾ ചോദിക്കുന്നത് അച്ഛേ ദിൻ (നല്ല ദിനം) എവിടെയെന്നാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോദിയുടെ പ്രധാന വാഗ്‌ദാനമായിരുന്നു അച്ഛേ ദിൻ വരുമെന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ കണ്ട് മനം മടുത്താണ് ഞാൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്,” പതക് പിടിഐയോട് പറഞ്ഞു.

ഛത്തീസ്ഗഡിൽ ജഗദൽപൂർ, ദണ്ഡേവാഡ, ബസ്തർ തുടങ്ങി നിരവധി മേഖലകളിൽ കോൺഗ്രസിനായി പതക് പ്രചാരണം നടത്തുന്നുണ്ട്. തന്റെ പ്രചാരണത്തിലുടനീളം മോദിയെയാണ് പതക് ഉന്നം വയ്ക്കുന്നത്. മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ അച്ഛേ ദിൻ, ഓരോ പൗരന്റെയും ബാങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതടക്കമുളളവ പതക് തന്റെ പ്രചാരണത്തിനിടയിൽ ചോദ്യം ചെയ്യുന്നുണ്ട്. പ്രചാരണത്തിനിടയിൽ മോദിയുടെ സ്റ്റൈലിനെ കളിയാക്കുകയും ചെയ്യാറുണ്ട്.

”സുഹൃത്തുക്കളേ, ഞാൻ ഇവിടെ വന്നിരിക്കുന്നത് അച്ഛേ ദിൻ വരാൻ പോകുന്നില്ലെന്ന സത്യം നിങ്ങളോട് പറയാനാണ്. അതൊരു തെറ്റായ വാഗ്‌ദാനമായിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യുക, അവർ നിങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിക്കും,” പ്രദേശത്തെ മാർക്കറ്റിൽ തടിച്ചുകൂടിയ ജനങ്ങളോടായി പത് പറയുന്നു.

2014 മുതൽ ബിജെപിക്കും മോദിക്കും വേണ്ടിയായിരുന്നു താൻ പ്രചാരണം നടത്തിയതെന്നും ആദ്യമായാണ് കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തുന്നതെന്നും പതക് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പതക് ഉൾപ്പെടെ നിരവധി മോദി അപരന്മാർ പ്രചാരണ രംഗത്തുണ്ടായിരുന്നു.

അതേസമയം, കോൺഗ്രസിനു വേണ്ടി മത്സരിക്കുന്ന സിറ്റിങ് എഎൽഎമായ ദേവ്‌തി കർമ്മ പറഞ്ഞത്, തനിക്കുവേണ്ടി മോദിയുടെ അപരൻ പ്രചാരണം നടത്തുന്നത് അറിയില്ലെന്നാണ്. അന്തരിച്ച തന്റെ ഭർത്താവ് മഹേന്ദ്ര കർമ്മയുടെ പേരിലാണ് താൻ ജനങ്ങളോട് വോട്ട് തേടുന്നതെന്നും അവർ പറഞ്ഞു.

ഛത്തീസ്ഗഡിൽ നക്സലുകളെ നേരിടാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ദേവ്‌തി കർമ്മയുടെ ഭർത്താവ് മഹേന്ദ്ര കർമ്മ. 2013 ൽ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് അദ്ദേഹം മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.

അതേസമയം, മോദിയുടെ അപരനായ പതക്കിന്റെ പ്രചാരണം ബിജെപി വോട്ടുകൾ കോൺഗ്രസിന് കിട്ടാൻ സഹായകമാകുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ മോദിയുടെ അപരനെ മുൻനിർത്തി കോൺഗ്രസ് പ്രചാരണം നടത്തുന്നതിലൂടെ പ്രധാനമന്ത്രിയുടെ പ്രശസ്തിയാണ് വെളിവാകുന്നതെന്ന് ബിജെപി സ്ഥാനാർത്ഥി ഭീമ മാഡ്‌വി പറഞ്ഞു.

12 നിയമസഭ മണ്ഡലങ്ങളുളള ബസ്തറിൽ നവംബർ 12 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook