ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുര്‍ത്ത-ജാക്കറ്റ് വസ്ത്രം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇനിന് മോദി ഈയടുത്ത് ഈ വസ്ത്രം സമ്മാനിച്ചിരുന്നു. രാജ്യതലസ്ഥാനത്തുളള ഏഴ് ഖാദി കേന്ദ്രങ്ങളില്‍ നിന്ന് പ്രതിദിനം 1,400ല്‍ അധികം വസ്ത്രങ്ങളാണ് വിറ്റുപോവുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദി ജാക്കറ്റ്, മോദി കുര്‍ത്ത എന്നിങ്ങനെയാണ് വസ്ത്രം അറിയപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് കൊണാട്ട് പ്ലേസിലെ ഖാദി കേന്ദ്രത്തിലാണ് ജാക്കറ്റുകളും കുര്‍ത്തകളും ഖാദി ഇന്ത്യ അവതരിപ്പിച്ചത്. ഇന്ത്യയിലാകെ വസ്ത്രത്തിന്റെ വില്‍പ്പന വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ഖാദി ഇന്ത്യ ആലോചിക്കുന്നത്. കൊണാട്ട് പ്ലേസിലെ ഔട്ട്‍ലെറ്റില്‍ നിന്നും ഒക്ടോബര്‍ മാസത്തില്‍ മാത്രം 14.76 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. കേരളത്തില്‍ ഖാദി കേന്ദ്രമുളള എറണാകുളത്തും കുര്‍ത്ത-ജാക്കറ്റ് വസ്ത്രങ്ങളുടെ വില്‍പ്പന സജീവമാക്കും.

ഖാദി വസ്ത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി അവബോധം സൃഷ്ടിച്ചത് വസ്ത്രത്തിന്റെ ആവശ്യകത യുവാക്കള്‍ക്കിടയില്‍ കൂട്ടിയതായി ഖാദി ഇന്ത്യ വ്യക്തമാക്കുന്നു. നെഹ്റുവാണ് ഇന്ത്യയില്‍ ഖാദിയുടെ പ്രാധാന്യം പ്രചരിപ്പിച്ച് ഇത്തരം ജാക്കറ്റുകള്‍ അണിഞ്ഞിരുന്നത്. എന്നാല്‍ മോദിയുടെ ഉപയോഗം ഇത് ജനപ്രിയമാക്കി. വെളുത്ത നിറത്തിലും ഓഫ് വൈറ്റ് നിറത്തിലുമുലള ജാക്കറ്റുകള്‍ മാത്രമായിരുന്നു നെഹ്റു ഉപയോഗിച്ചിരുന്നത്. എന്നാല്‍ മോദി പല നിറങ്ങളിലുളള ജാക്കറ്റുകളാണ് ധരിക്കാറുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook