ന്യൂഡൽഹി: 2015 ൽ ചരിത്രത്തിലെ ഏറ്റവും നീണ്ട സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പേരെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ചെങ്കോട്ടയിൽ നടത്തിയത് ചുരുങ്ങിയ പ്രസംഗം. വെറും 57 മിനിറ്റ് കൊണ്ടാണ് മോദി ഇത്തവണ തന്റെ പ്രസംഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രി പദത്തിലെത്തിയശേഷം കഴിഞ്ഞ നാലു വർഷത്തിനിടയിൽ മോദി നടത്തിയ ഏറ്റവും ചെറിയ പ്രസംഗമായിരുന്നു ഇത്തവണത്തേത്.
2014 ൽ 65 മിനിറ്റും 2015 ൽ 86 മിനിറ്റും 2016 ൽ 94 മിനിറ്റുമാണ് മോദി പ്രസംഗിച്ചത്. 2015 ലെ 86 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലൂടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് മോദി തകർത്തത്. 1947ൽ 72 മിനിറ്റു നീണ്ട പ്രസംഗം നടത്തിയാണ് നെഹ്റു റെക്കോർഡ് ഇട്ടത്. 2016 ൽ 94 മിനിറ്റ് പ്രസംഗിച്ച് മോദി തന്റെ റെക്കോർഡ് തിരുത്തി.
India's PM @narendramodi leads #IndependenceDayIndia celebrations at the Red Fort in Delhihttps://t.co/CWsWZJ8MsW pic.twitter.com/j7hhGsTny7
— BBC News (World) (@BBCWorld) August 15, 2017
കഴിഞ്ഞ വർഷത്തെ മോദിയുടെ പ്രസംഗം നീണ്ടുപോയതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സദസ്സിലുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്‌ലി, മനോഹർ പരീക്കർ, അനന്ത്കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുളളവർ ഉറങ്ങിയതും വലിയ വാർത്തയായിരുന്നു. തുടർന്നാണ് ഇത്തവണ ചെറിയ പ്രസംഗം നടത്തിയത്. ചെങ്കോട്ടയിലെ തന്റെ ഇത്തവണത്തെ പ്രസംഗം ചെറുതായിരിക്കുമെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്തി’ൽ മോദി ഉറപ്പുനൽകിയിരുന്നു.