ലക്നൗ: അധികാരം കൈയ്യിലുണ്ടായിട്ടും രാമക്ഷേത്രം പണിയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. യോഗി ആദിത്യനാഥിനേയും പ്രധാനമന്ത്രിയേയേും അദ്ദേഹം വിമര്‍ശിച്ചു. ശക്തമായ അധികാരസ്ഥാനത്ത് ഇരുന്നിട്ടും രാമന് വേണ്ടി ഇവര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് സിങ് പറഞ്ഞു.
‘വലിയൊരു പ്രധാനമന്ത്രിയായി നമുക്ക് മോദിജി ഉണ്ട്. വലിയൊരു മുഖ്യമന്ത്രിയായി യോഗിജിയും ഉണ്ട്. രണ്ട് പേരും ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവരുമാണ്. നിര്‍ഭാഗ്യവശാല്‍ ഇരുവരുടേയും ഭരണത്തിന് കീഴില്‍ ശ്രീരാമന് കഴിയുന്നത് ടെന്റിലാണ്. ഇന്ത്യയുടേയും ഹിന്ദു സമുദായത്തിന്റേയും നിര്‍ഭാഗ്യമാണിത്. അയോധ്യയില്‍ തന്നെ രാമക്ഷേത്രം പണിയണം,’ സിങ് ആവശ്യപ്പെട്ടു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇനിയും വൈകിക്കൂടെന്നും അദ്ദേഹം പറഞ്ഞു. ‘ഭരണഘടനയ്ക്കും മുകളിലാണ് ദൈവം. ഇനിയും വൈകരുത്. അയോധ്യയില്‍ തന്നെ എത്രയും പെട്ടെന്ന് രാമക്ഷേത്രം പണിയണം,’ സിങ് പറഞ്ഞു, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര വിഷയം വീണ്ടും സജീവമാക്കാനാണ് ബിജെപിയുടെ ശ്രമം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയും രാമക്ഷേത്ര നിര്‍മ്മാണം വേഗം നടത്തണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘ശ്രീരാമന് വേണ്ടപ്പോഴാണ് രാമക്ഷേത്രം പണി കഴിപ്പിക്കേണ്ടത്. ഇനിയും വൈകരുത്,’ ശര്‍മ്മ പറഞ്ഞു.