ന്യൂഡൽഹി: ഉറക്കം കുറവായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് സിംഗ് ബാഘല്‍. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തെ കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്പര്‍ വണ്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Read More: അച്ഛനെ പറഞ്ഞ മോദിക്ക് രാഹുലിന്റെ വക ‘ആലിംഗനം’; കര്‍മ്മഫലം കാത്തിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്

‘രാജീവ് ഗാന്ധി ജി മരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ അര്‍ത്ഥം മോദിക്ക് സമനില തെറ്റിയിരിക്കുകയാണ് എന്നുതന്നെയാണ്. അദ്ദേഹത്തിന് വൈദ്യചികിത്സ നല്‍കണം. മോദിതന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹം മൂന്ന് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളൂവെന്ന്. നന്നായി ഉറക്കം ലഭിക്കാത്തവര്‍ക്ക് മനസ്സിന്റെ സമനില തെറ്റാനുള്ള സാധ്യത കൂടുതലാണ്,’ ബാഘല്‍ വിമര്‍ശിച്ചു.

Read More: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി

അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ സാധാരണയായി മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുള്ളൂ എന്ന് മോദി പറഞ്ഞത്. തന്റെ ജോലിത്തിരക്കാണ് ഇതിന് കാരണമായി മോദി ചൂണ്ടിക്കാട്ടിയത്.

ശനിയാഴ്ച ഉത്തര്‍പ്രദേശിലെ റാലിയിലാണ് മോദി രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

‘നിങ്ങളുടെ അച്ഛനെ സേവകന്മാര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണു വിളിക്കുന്നത് എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ്,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് മോദിയുടെ വാക്കുകള്‍.

Read More: മമതാ ദീദി കുർത്തകൾ വാങ്ങി അയയ്ക്കാറുണ്ട്, ബരാക് ഒബാമ അടുത്ത സുഹൃത്ത്: നരേന്ദ്ര മോദി

രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്‌സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത്് സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സില്‍നിന്ന് തോക്കു വാങ്ങുന്നതിനുള്ള കരാറില്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണമാണ് മോദി ഉയര്‍ത്തിക്കാട്ടിയത്. രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്.

നരേന്ദ്രമോദിയുടെ ആക്ഷേപത്തിനെതിരേ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

‘മോദിജി, യുദ്ധം അവസാനിച്ചു. നിങ്ങളുടെ കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നിങ്ങളെ കുറിച്ചുളള ചിന്ത എന്റെ അച്ഛന്റെ മേല്‍ പ്രയോഗിക്കുന്നത് നിങ്ങള്‍ക്ക് രക്ഷ നല്‍കില്ല. സ്‌നേഹത്തോടേയും ആലിംഗനത്തോടേയും, രാഹുല്‍,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

രക്തസാക്ഷികളുടെ പേരില്‍ വോട്ടു ചോദിക്കുന്ന പ്രധാനമന്ത്രി കുലീനനായ ഒരാളുടെ രക്തസാക്ഷിത്വത്തെ അനാദരിച്ചു. ഇതിന് അമേഠിയിലെ ജനങ്ങള്‍ ഉചിതമായ മറുപടി നല്‍കും. രാജ്യം ഒരിക്കലും വഞ്ചന മറക്കില്ലെന്ന് പ്രീയങ്ക ഗാന്ധിയും പ്രതികരിച്ചു.

എന്നാല്‍ ബൊഫോഴ്‌സ് കേസ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തളളിയ കാര്യം കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഓര്‍മ്മിപ്പിച്ചു. അന്ന് ബിജെപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന തീരുമാനം എടുത്തതും ചിദംബരം ചൂണ്ടിക്കാണിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook