ന്യൂഡല്‍ഹി: ട്രെയിനുകളുടെ കാര്യക്ഷമമല്ലാത്ത സർവ്വീസ് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രംഗത്ത് വന്ന ബിജെപി നേതാവിന്റെ വീഡിയോ വൈറലായി. അമൃത്സറില്‍ നിന്നുളള ബിജെപി വനിതാ നേതാവായ ലക്ഷ്മി കാന്ത ചൗളയാണ് മോദിക്കും റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും എതിരെ രംഗത്ത് വന്നത്. ‘ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ ബുളളറ്റ് ട്രെയിനിലുളള ശ്രദ്ധ വിട്ട് നിലവിലുളള ട്രെയിനുകളുടെ കാര്യം നോക്കണം,’ എന്ന് വീഡിയോയില്‍ ലക്ഷ്മി പറയുന്നു.

പഞ്ചാബില്‍ നിന്നുളള മുന്‍ മന്ത്രി കൂടിയായ ലക്ഷ്മി ഡിസംബര്‍ 22ന് സരയു-യമുന ട്രെയിനില്‍ അമൃത്സറില്‍ നിന്ന് അയോധ്യയിലേക്കുളള യാത്രാമധ്യേയാണ് വിമര്‍ശനം ഉന്നയിച്ചത്. മണിക്കൂറുകളോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണ് ബിജെപി നേതാവ് ട്രെയിനിന് അകത്ത് വച്ച് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയയില്‍ ഇട്ടത്.

‘ഞങ്ങള്‍ സാധാരണക്കാരുടെ പ്രശ്നം കണക്കിലെടുക്കണമെന്ന അപേക്ഷയാണ് എനിക്ക് പ്രധാനമന്ത്രിയോട് പറയാനുളളത്. ഈ ട്രെയിനുകളുടെ അവസ്ഥ പരിതാപകരമാണ്. കഴിഞ്ഞ 24 മണിക്കൂര്‍ കൊണ്ട് അത്രയും ബുദ്ധിമുട്ടാണ് സഹിച്ചത്. വഴി തിരിച്ചുവിട്ട ട്രെയിന്‍ വളരെ വൈകിയാണ് ഓടുന്നത്. ആരും ഞങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ നല്‍കുന്നില്ല. 10 മണിക്കൂറിലധികം ട്രെയിനിലിരുന്നവര്‍ക്ക് ഭക്ഷണസൗകര്യം പോലും ഏര്‍പ്പാടാക്കുന്നില്ല,’ വനിത നേതാവ് പറയുന്നു.

‘മണിക്കൂറില്‍ 120ഉം 200ഉം കി.മി. വേഗതയില്‍ പായുന്ന ട്രെയിനുകളല്ല വേണ്ടത്. ജനങ്ങള്‍ തെരുവിലാണ് നില്‍ക്കുന്നത്. കടുത്ത തണുപ്പത്ത് പൊതുസ്ഥലത്താണ് കിടക്കുന്നത്. പിയുഷ് ഗോയല്‍ ജി, മോദിജി, ശതാബ്ദിയും രാജധാനിയുമൊക്കെ പണക്കാര്‍ക്ക് പോവാന്‍ വേണ്ടി ആക്കിയതാണ്. പാവങ്ങളും തൊഴിലാളികളും സൈനികരും ആശ്രയിക്കുന്ന ട്രെയിനുകളെ എന്താണ് പരിഗണിക്കാത്തത്. ജനങ്ങള്‍ അസ്വസ്ഥരാണ്. ആരാണ് അച്ഛേ ദിന്‍ കണ്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല,’ ലക്ഷ്മി കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook