ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ടെലിവിഷനു വേണ്ടി മാത്രമുളള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പരിഹസിച്ചു. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഗുലാം നബി ആസാദ് മോദിയെ കുറ്റപ്പെടുത്തിയത്.

കഴിഞ്ഞ 70 വർഷമായി കോൺഗ്രസ് രാജ്യത്തിനുവേണ്ടി ചെയ്തത് എന്തെന്നാണ് മോദി ചോദിച്ചുകൊണ്ടേയിരിക്കുന്നത്. അതിന് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്, 1940 കളിൽ 20 കോടി ജനങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഭക്ഷണത്തിന്റെ ദൗർലഭ്യത മൂലം 10 ലക്ഷം ജനങ്ങൾ ബംഗാളിൽ മരിച്ചു. എന്നാൽ ഇന്ന് ഭക്ഷണം കിട്ടാതെ 120 കോടി ജനങ്ങളിൽ ഒരാൾ പോലും മരിക്കുന്നില്ല. ഇന്ത്യയിൽ നിന്നും ഭക്ഷ്യ വിഭവങ്ങൾ നിരവധി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ 70 വർഷത്തിൽ ഞങ്ങൾ ചെയ്തത് ഇതാണ്. ടെലിവിഷനു വേണ്ടി മാത്രമുളള പ്രധാനമന്ത്രിയാണ് മോദി. ഞങ്ങളുടെ പ്രധാനമന്ത്രി (കോൺഗ്രസിൽനിന്നുളള) ജനങ്ങൾക്കൊപ്പം അവരുടെ ഇടയിലാണെന്നും അദ്ദേഹം പറഞ്ഞു.

10 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് ബിജെപി ഉറപ്പു നൽകി. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം തൊഴിൽരഹിതരുടെ എണ്ണം 15 കോടിയായെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്നും മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്ന നേതാക്കൾക്കും ഗുലാം നബി ആസാദ് തക്ക മറുപടി നൽകി. ഒരു പാർട്ടിയെ ഉപേക്ഷിച്ച് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നവർ ഒരു പ്രത്യയശാസ്ത്രവുമില്ലാത്തവരാണ്. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ