ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി എഐഎഡിഎംകെ പ്രവര്‍ത്തകരുടെ മുഴുവന്‍ അച്ഛനാണെന്ന് തമിഴ്നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എഐഎഡിഎംകെയുടെ അമ്മയായിരുന്ന ജയലളിതയുടെ മരണ ശേഷം അച്ഛന്റെ സ്ഥാനത്ത് നിന്ന് മോദിയാണ് തങ്ങൾക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്നതന്നും രാജേന്ദ്ര ബാലാജി പറഞ്ഞു.

‘നരേന്ദ്ര മോദി ഞങ്ങളുടെ ഡാഡിയാണ്. ഞങ്ങളുടേത് മാത്രമല്ല ഈ രാജ്യത്തിന്റെ മുഴുവൻ ഡാഡിയാണ്. അത് കൊണ്ടുതന്നെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നു,’ ക്ഷീര വികസന വകുപ്പ് മന്ത്രിയായ ബാലാജി പറഞ്ഞു. അടുത്തയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഐഎഡിഎംകെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റേയും സാന്നിധ്യത്തില്‍ സഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഈ സഖ്യത്തിലേക്ക് മറ്റ് രണ്ട് പാര്‍ട്ടികള്‍ കൂടി എത്തിയേക്കുമെന്നാണ് വിവരം.

ബിജെപിയുമായി സഖ്യം രൂപീകരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുകയായിരിന്നു ജയലളിത. 2014 ല്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു. എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook