ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിങ് സിദ്ദു. കഴിഞ്ഞ ദിവസം സിദ്ദു നടത്തിയ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദു വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇത്തവണ മോദിയെ നുണയെന്നും അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജരാണെന്നുമായിരുന്നു സിദ്ദുവിന്റെ പ്രസ്താവന. ”ഞാനദ്ദേഹത്തെ നുണകളുടെ തലവന്‍, വിഭജന നായകന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ എന്നൊക്കെയാണ് വിളിക്കുക”. സിദ്ദു പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാമന്ത്രി മോദിയുടെ വിമര്‍ശിച്ചു കൊണ്ടുള്ള ടൈം മാഗസിനിലെ ഫീച്ചര്‍ വാര്‍ത്തയായതിന് പിന്നാലെയാണ് സിദ്ദുവിന്റെ പ്രതികരണം. മോദിയെ വിഭജന നായകന്‍ എന്ന വിശേഷണത്തോടെയാണ് ടൈം തങ്ങളുടെ കവര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നരേന്ദ്രമോദിയെ നവവധുവിനോടും സിദ്ദു ഉപമിച്ചു.

”മോദി ചില നവവധുമാരെ പോലെയാണ്. കുറച്ച് റൊട്ടി മാത്രം ഉണ്ടാക്കും പക്ഷെ കുറേ വളകളിട്ട് നടക്കുന്ന നവവധുമാരെ പോലെ. വളയുടെ കിലുക്കം കേട്ട് അയല്‍ക്കാര്‍ കരുതും വധു നന്നായി പണിയെടുക്കുമെന്ന്. ഇതാണ് മോദി സര്‍ക്കാരും ചെയ്തത്” എന്നായിരുന്നു സിദ്ദുവിന്റെ വാക്കുകള്‍. സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇതിന് പിന്നാലെ നവജ്യോത് സിങ് സിദ്ദുവിനെതിരെ ദേശീയ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രംഗത്തെത്തി. സിദ്ദൂവിന്റേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു.

‘പ്രസ്താവനയെ ശക്തമായി എതിര്‍ക്കുന്നു. ഇത് കാണിക്കുന്നത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്. അദ്ദേഹം മനസ്സിലാക്കുന്നത് സ്ത്രീകള്‍ റൊട്ടിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ? ഒരു ഭാഗത്ത് ഇന്ത്യന്‍ സ്ത്രീകള്‍ എല്ലാ പ്രതിബന്ധങ്ങളും പൊട്ടിച്ചെറിയുകയാണ്. എന്നാല്‍ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ ഗ്ലാസൂകളിലൂടെയെ സ്ത്രീകളെ കാണാന്‍ കഴിയൂ..’ രേഖ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook