ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും കുടുംബത്തിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനിലെ ഇരുനേതാക്കളും ചേര്‍ന്നു നടത്തിയ സംയുക്ത പത്രസമ്മേളനത്തിലായിരുന്നു മോദിയുടെ ഇന്ത്യാക്ഷണം.

“ബഹുമാന്യനേ, എന്‍റെ ഇന്നത്തെ സന്ദര്‍ശനവും താങ്കളോട് നടത്തിയ വിപുലമായ ചര്‍ച്ചകളും വളരെ ഫലപ്രദവും വിജയകരവുമായിരുന്നു. മൈക്ക് കൈമാറുന്നത്തിനു മുമ്പ് ഞാന്‍ താങ്കളെയും താങ്കളുടെ കുടുംബത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. എനിക്ക് താങ്കള്‍ക്ക് ഇന്ത്യയില്‍ ആതിഥ്യമരുളുവാനുള്ള അവസരം ഒരുങ്ങുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത് ” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് സംഘത്തെ തന്റെ മകള്‍ ഇവാങ്ക ട്രംപ് നയിക്കുമെന്ന് ഉറപ്പുനല്‍കിയ ട്രംപ് ഇന്ത്യയും അമേരിക്കയും ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒന്നിച്ചാണ് പടപൊരുതുന്നതെന്നും പറഞ്ഞു.

ഈ വര്‍ഷമാദ്യം ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. തീവ്രവാദം, വാണിജ്യം, ഊർജം, പ്രതിരോധം, സുരക്ഷാ തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ