മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. സ്പെയിനിൽനിന്നും ഇന്നലെ രാത്രിയാണ് മോദി റഷ്യയിലെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി നിർമിച്ച പിസ്കാരിവോസ്കോ സെമിത്തേരി സന്ദർശിച്ചുകൊണ്ടായിരിക്കും മോദിയുടെ റഷ്യൻ സന്ദർശനം തുടങ്ങുക. 18-ാമത് ഇന്ത്യ-റഷ്യ വാർഷിക സമ്മേളനത്തിലും മോദി പങ്കെടുക്കും. അതിനുശേഷം കോൺസ്റ്റാൻന്റിൻ പാലസിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ മോദിയെ സ്വീകരിക്കും. സമ്മേളനത്തിനുശേഷം സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിലും മോദി പുടിനൊപ്പം പങ്കെടുക്കും.

വെളളിയാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന ഇന്റർനാഷനൽ എക്കണോമിക് ഫോറത്തിലും മോദി പങ്കെടുക്കും. ആദ്യമായാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കാളിയാകുന്നത്. ഉച്ചകോടിയിൽ ഐടി, റെയിൽവേ, ടലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വിവിധ കരാറുകളും ഒപ്പുവയ്ക്കും. റഷ്യൻ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കൂടംകുളം ആണവ നിലയമാണ് ചർച്ചയിലെ മുഖ്യ അജൻഡ. ആണവനിലയത്തിന്റെ അവസാന രണ്ടു യൂണിറ്റുകളുടെ നിർമാണവുമായി ബന്ധപ്പെട്ട കരാറി​ൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ്​ കരുതുന്നത്​.

റഷ്യയിൽനിന്നും ഫ്രാൻസിലേക്കായിരിക്കും മേദി പോവുക. ഫ്രാൻസിന്റെ പുതിയ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. ഫ്രാൻസ് സന്ദർശനത്തിനുശേഷം മോദി ഇന്ത്യയിലേക്ക് തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ