ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജെറ്റുകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വന്തം ടാക്‌സി പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം ഐഎന്‍എസ് വിരാടുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് കോണ്‍ഗ്രസ് ഇന്ന് രംഗത്തെത്തിയിരിക്കുന്നത്.

കള്ളങ്ങള്‍ മാത്രം പറയുകയാണ് മോദിയുടെ അവസാന അടവ് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജെറ്റുകള്‍ വെറും 744 രൂപയ്ക്ക് തിരഞ്ഞെടുപ്പ് യാത്രകള്‍ക്കായി മോദി ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെയ്ത തെറ്റുകളുടെ ഭയം മോദിയെ വേട്ടയാടുകയാണ്. ആ ഭയം നിമിത്തം മോദി മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുകയാണെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Read More: രാജീവ് ഗാന്ധി സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം നല്‍കി; കടന്നാക്രമിച്ച് ബിജെപി

അധികാരമേറ്റ നാള്‍ മുതല്‍ 2019 ജനുവരി വരെ നരേന്ദ്ര മോദി നടത്തിയത് 240 അനൗദ്യോഗിക ആഭ്യന്തര വിമാന യാത്രകളെന്ന രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. യാത്രക്കൂലി ഇനത്തില്‍ ബിജെപി 1.4 കോടി രൂപ ഇന്ത്യന്‍ എയര്‍ ഫോഴ്സിന് നല്‍കിയെന്നും വിവരാവകാശ രേഖ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയില്‍ എയര്‍ഫോഴ്സ് വ്യക്തമാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Read More: കുടുംബത്തിന് അവധി ആഘോഷിക്കാൻ രാജീവ് ഗാന്ധി ഐഎൻഎസ് വിരാട് വിട്ടുകൊടുത്തു എന്ന് മോദി

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രസംഗിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും ഐഎൻഎസ് വിരാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചത്. ദേശസുരക്ഷ ബലി കഴിക്കുന്ന നടപടിയാണ് രാജീവ് ഗാന്ധി ചെയ്തതെന്ന് മോദി കുറ്റപ്പെടുത്തി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഐഎന്‍എസ് വിരാടിനെ കുടുംബത്തിന് അവധി ആഘോഷിക്കാന്‍ വിട്ടു നല്‍കിയെന്ന് മോദി ആരോപിച്ചു. യുദ്ധോപകരണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ദേശസുരക്ഷ ബലികഴിക്കുന്നതിന് തുല്യമല്ലേ എന്ന് മോദി ചോദിച്ചു. രാജീവ് ഗാന്ധി ആയതുകൊണ്ട് ജനങ്ങളൊന്നും അതിനെ ചോദ്യം ചെയ്തില്ല. ഒരു കുടുംബത്തെ മാത്രം ആനന്ദിപ്പിക്കുന്നതിലും ആ കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ മാത്രം നിറവേറ്റുന്നതിനും മാത്രമായിരുന്നു രാജ്യത്തെ ഭരണസംവിധാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook