ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രവീണ്‍ തൊഗാഡിയ. തനിക്ക് മോദിയുമായി 43 കൊല്ലത്തെ സൗഹൃദമുണ്ടെന്നും മോദി ചായ വില്‍ക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ‘ചായക്കടക്കാരന്‍’ ഇമേജ് സഹതാപം നേടാനുള്ള തന്ത്രം മാത്രമാണെന്നും തൊഗാഡിയ പറഞ്ഞു.

രാമക്ഷേത്രം പണിയാന്‍ ബിജെപിക്കും ആര്‍എസ്എസിനും ഉദ്ദേശ്യമില്ലെന്നും രാജ്യാന്തര ഹിന്ദു പരിഷത്ത് തലവന്‍ പറഞ്ഞു.” പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ തന്നെ ആര്‍എസ്എസ് നേതാവ് ബയ്യാജി ജോഷിയും വ്യക്തമാക്കിയിരുന്നു, രാമക്ഷേത്രം അടുത്ത അഞ്ച് വര്‍ഷത്തേക്ക് പണിയില്ലെന്ന്. ഈ രണ്ട് ഗ്രൂപ്പും 125 കോടി ജനങ്ങളെ ഇരുട്ടിലാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുകയാണ്”.

ഫെബ്രുവരി ഒമ്പതിന് ഹിന്ദുക്കളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ തൊട്ടടുത്ത ദിവസം തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനും ജീവരക്തമാണ് രാമക്ഷേത്രമെന്നും അതുകൊണ്ടാണവര്‍ ക്ഷേത്രം നിര്‍മ്മിക്കാതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ കശ്മീരിലെ ആര്‍ട്ടിക്കള്‍ 35 അവസാനിപ്പിക്കുമെന്നും തൊഗാഡിയ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook