ന്യൂഡല്‍ഹി: മൂര്‍ച്ചയേറിയ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ എന്‍ഐഎ (നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി) ഭേദഗതി ബില്‍ പാര്‍ലമെന്റിൽ പാസാക്കി. ഭീകരവാദത്തെ വേരോടെ പിഴുതെറിയുകയാണ് ഭേദഗതി ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു. വിദേശത്ത് വച്ച് ഇന്ത്യക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎയ്ക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. സൈബര്‍ കുറ്റകൃത്യങ്ങളിലും മനുഷ്യക്കടത്ത് കേസുകളിലും എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നത് കൂടിയാണ് ഈ ഭേദഗതി. 2017 മുതല്‍ എന്‍ഐഎയുടെ അധികാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഇത് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

എന്‍ഐഎ നിയമങ്ങള്‍ക്കെതിരാണ് ഭേഗദതി എന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അമിത് ഷാ വിശദീകരണം നല്‍കി. നിയമത്തെ മോദി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, പാര്‍ലമെന്റിൽ അമിത് ഷായും അസദുദീന്‍ ഒവൈസിയും തമ്മില്‍ ശക്തമായ വാഗ്വാദം ഉണ്ടായി. ഹൈദരാബാദ് പൊലീസിന് തങ്ങളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായി എന്ന ബിജെപി എംപിയുടെ ആരോപണം ഒവൈസി ശക്തമായി എതിര്‍ത്തു.

ഒവൈസിയോട് വിരൽ ചൂണ്ടിയായിരുന്നു അമിത് ഷാ പ്രതികരിച്ചത് . താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഒവെെസി ഷായോട് പറഞ്ഞു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു. രാജ്യത്ത് പൊലീസ് രാജ് നടപ്പാക്കാനുള്ള നീക്കമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ ഈ ബില്ല് കൊണ്ടുവരുന്നതെന്ന് ആഭ്യന്തരസഹമന്ത്രി ജി കൃഷ്ണൻ റെഡ്ഢി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook