ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പൂർണ പരാജയമാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. മോദി സർക്കാർ ചെയ്ത കാര്യങ്ങളൊന്നും രാജ്യതാൽപര്യത്തിന് വേണ്ടിയായിരുന്നില്ല. എല്ലാ അതിർവരമ്പുകളും സർക്കാർ ലംഘിച്ചിരിക്കുകയാണെന്നും ബിജെപി സർക്കാരിനെ അധികാരത്തിൽനിന്നും താഴെ ഇറക്കേണ്ട സമയമെത്തിയിരിക്കുന്നുവെന്നും മൻമോഹൻ സിങ് പറഞ്ഞു.

മോദി ഭരണത്തിൽ ജനങ്ങൾ അസന്തുഷ്ടരാണ്. മോദി സർക്കാരിനെ പുറത്താക്കുന്നതിന് എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. രാഷ്ട്രീയ വൈര്യം മാറ്റിവച്ച് എല്ലാവരും കൈകോർത്താൽ അത് സാധ്യമാകും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും മൻമോഹൻ സിങ് ആവശ്യപ്പെട്ടു.

രാജ്യത്തെ യുവാക്കളും കർഷകരും സാധാരണക്കാരും മോദി ഭരണത്തിൽ അസംതൃപ്തരാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ റാംലീല മൈതാനത്ത് സംഘടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി പ്രതിഷേധത്തിൽ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook