ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെ വിമര്‍ശിച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്. ബജറ്റിന്റെ ട്രെയിലര്‍ തയ്യാറാക്കാന്‍ കേന്ദ്രം അഞ്ച് വര്‍ഷം സമയമെടുത്തുവെന്ന് സ്റ്റാലിന് കുറ്റപ്പെടുത്തി. വിരുദ്ധനഗര്‍ ജില്ലയിലെ സതിരപ്പട്ടി ഗ്രാമത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച ഗ്രാമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു എം.കെ.സ്റ്റാലിന്. മോദി സര്‍ക്കാര്‍ ജനങ്ങളെ മണ്ടന്മാരാക്കുകയായിരുന്നുവെന്ന് സ്റ്റാലിന് ആരോപിച്ചു.
‘നാലര വര്‍ഷത്തെ ഭരണത്തിനു ശേഷം കേന്ദ്രം ഒരു ട്രെയിലര്‍ പുറത്തിറക്കി. സിനിമാ റിലീസിന് മുമ്പായുള്ള ട്രെയിലറാണ് ഇതെന്ന് എല്ലാവര്ക്കും അറിയാം. ഒരു ട്രെയിലര്‍ പുറത്തിറക്കാന്‍ ബിജെപി അഞ്ചു വര്‍ഷം എടുത്തെങ്കില്‍ ഊഹിക്കാവുന്നതേയുള്ളൂ അതില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ എത്രകാലം എടുക്കുമെന്ന്. ബിജെപി ഭരണത്തിനു കീഴില്‍ രാജ്യം നാശത്തിലേക്കാണ് നീങ്ങുന്നത്,’ സ്റ്റാലിന് പറഞ്ഞു.
ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രമക്കേടുകള്‍ നടത്തുന്നുവെന്ന് സ്റ്റാലിന് ആരോപിച്ചു. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതെന്നും അര്‍ഹരായവരെ അവഗണിക്കുകയാണെന്നും, മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും ക്രമക്കേടുകള്‍ നത്തുന്നുണ്ടെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാത്തതിനാല്‍ പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും സ്റ്റാലിന് പറഞ്ഞു.