തിരുവനന്തപുരം: ഇ.അഹമ്മദിന്റെ മരണത്തിൽ അനുശോചിച്ച് ലോക്സഭ പിരിയുന്നതിന് പകരം ബജറ്റ് അവതരിപ്പിച്ചത് അനൗചിത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലെ പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതേ പാർലമെന്റ് മന്ദിരത്തിലാണ് ഇ.അഹമ്മദ് കുഴഞ്ഞ് വീണതെന്ന് ഓർക്കണമെന്നും, അദ്ദേഹം മരിച്ചുകിടക്കുന്ന ഘട്ടത്തിലാണ് സഭാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തും വിധം ബജറ്റുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“രാജ്യത്തിന്റെ ജനാധിപത്യബോധത്തെ തന്നെ അവമതിക്കലാണ്. പരേതന്റെ സ്മരണയെ അനാദരിക്കല് കൂടിയാണത്. നിര്‍ഭാഗ്യകരമായ ഈ അവസ്ഥ ഒരിക്കലുമുണ്ടാകുവാന്‍ പാടില്ലാത്തതായിരുന്നു.” പോസ്റ്റിൽ പറയുന്നു.
“ലോക്സഭയിലെ മുതിര്‍ന്ന സിറ്റിങ്ങ് അംഗം അന്തരിച്ചിരിക്കെ, അതേ സഭയില്‍ മണിക്കൂറുകള്‍ക്കകം ബഡ്ജറ്റവതരണം നടത്തിയത് തീര്‍ത്തും നിര്‍ഭാഗ്യകരവും അനൗചിത്യവുമായിപ്പോയി. ഇതേ പാര്‍ലമെന്റ് മന്ദിരത്തിലാണ് മണിക്കൂറുകള്‍ക്ക് മുമ്പ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ഇ. അഹമ്മദ് കുഴഞ്ഞുവീണതെന്നോര്‍ക്കണം.”
“ദീര്‍ഘകാലമായി സഭയില്‍ അംഗമായിരുന്ന വ്യക്തിയാണ് ഇ. അഹമ്മദ്. സഭാംഗങ്ങള്‍ക്ക് ഹൃദയസ്പര്‍ശിയായ അടുപ്പമുള്ള നേതാവാണ്. ഇന്ത്യയുടെ താല്പര്യങ്ങള് ഐക്യരാഷ്ട്രസഭയിലടക്കം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പാര്‍ലമെന്റേറിയനാണെന്നും”അദ്ദേഹം അനുസ്മരിച്ചു.
“മുതിര്‍ന്ന സഭാംഗം മരിച്ചുകിടക്കെ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കേണ്ട ഘട്ടത്തില്‍ ബഡ്ജറ്റവതരണവുമായി മുന്നോട്ട് പോയത് അക്ഷന്തവ്യമായ തെറ്റാണെ”ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.