ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചുളള പ്രസംഗമാണ് മോദി നടത്തിയതെന്നും പ്രതിപക്ഷത്തെ എതിര്‍ക്കുന്നതിന് പകരം ചോദ്യങ്ങള്‍ക്ക് മറുപടിയാണ് അദ്ദേഹം പറയേണ്ടതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘അദ്ദേഹം ഒരു മണിക്കൂറിലധികം സംസാരിച്ചിട്ടും റാഫേല്‍ ഇടപാടിനെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. താന്‍ പ്രധാനമന്ത്രി ആണെന്ന കാര്യം മോദി മറന്നു പോയെന്നാണ് തോന്നുന്നത്’, രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ചതെന്നായിരുന്നു നരേന്ദ്ര മോദി ലോക്‌സഭയില്‍ വിമര്‍ശിച്ചത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിതച്ച വിഷം കൊണ്ട് ദുരിതം അനുഭവിക്കാത്ത ഒരൊറ്റ ദിവസം പോലും കടന്നുപോയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ മോദിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു. പ്രതിഷേധിക്കാനുളള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ തന്നെ പ്രസംഗം തടയാന്‍ അവകാശമില്ലെന്നും മോദി പറഞ്ഞു. ജനാധിപത്യത്തെ കുറിച്ചുളള പാഠങ്ങള്‍ കോണ്‍ഗ്രസ് പഠിപ്പിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘തിരഞ്ഞെടുപ്പിലെ നേട്ടത്തിനും വില കുറഞ്ഞ നേട്ടങ്ങൾക്കും വേണ്ടി 70 കൊല്ലം മുന്പ് കോൺഗ്രസ് രാജ്യത്തെ വിഭജിച്ചു. അന്ന് കോൺഗ്രസ് ചെയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണ്. അടൽ ബിഹാരി വാജ്പേയ് സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു. എന്നാൽ,​ എല്ലാവരേയും വിശ്വാസത്തിൽ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. എന്നാൽ,​ ആന്ധ്രാപ്രദേശിനെ വിഭജിച്ച കോൺഗ്രസ് എല്ലാം കുളമാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യുപിഎ സർക്കാരിന്റെ ഈ നീക്കം’, മോദി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ