ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രൂപ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 70 കടന്നു. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയതോടെ മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ‘ഞങ്ങള്‍ക്ക് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ പറ്റാതിരുന്നത് അവസാനം മോദി ചെയ്തു’, കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തു. ജൂലൈ 16 മുതലുളള രൂപയുടെ മൂല്യത്തിലുളള ഇടിവും വളര്‍ച്ചയും രേഖപ്പെടുത്തുന്ന ഗ്രാഫോടെയാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്.

രൂപയുടെ മൂല്യം ഇടിയുന്നത് സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. ഇറക്കുമതി ചെലവേറും. കയറ്റുമതിയില്‍ ലാഭം കുറയും. ഇറക്കുമതി ചെലവേറിയാല്‍ ചരക്കുകള്‍ വിപണിയില്‍ എത്തുമ്പോഴേക്കും വില കുതിച്ചുയരും. ഇതാകട്ടെ സാധാരണക്കാരന്റെ നടുവൊടിക്കും.

തിങ്കളാഴ്ച വിപണി തുറന്ന ഉടനെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ 69.47 രൂപയാണ് രേഖപ്പെടുത്തിയത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടിവുണ്ടായി. 69.93 രൂപയായി വീണ്ടും ഇടിഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും കൂപ്പുകുത്തി. 10.30ന് രേഖപ്പെടുത്തിയത് 70.09 രൂപ എന്ന നിരക്കാണ്.

ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ നേരിയ ഉണര്‍വ് രൂപ കാണിച്ചിരുന്നു. 23 പൈസ ഉയര്‍ന്നു. എന്നാല്‍ അധികംവൈകാതെ ഇടിയുകയായിരുന്നു. 70.1 ലേക്കും അധികം വൈകാതെ 70.09 രൂപയിലേക്കും കൂപ്പുകുത്തി. തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക യുദ്ധമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

ഇറക്കുമതിക്കാര്‍ ഡോളര്‍ കൂടുതലായി ആവശ്യപ്പെട്ടതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഡോളര്‍ ശക്തിപ്പെട്ടു. സ്വാഭാവികമായും രൂപയ്ക്ക് തിരിച്ചടിയായി. തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യം ആഗോള സമ്പദ്ഘടനയെ ബാധിക്കുമോയെന്ന ആശങ്കയാണ് വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. തുര്‍ക്കിഷ് കറന്‍സിയായ ലിറയുടെ മൂല്യം തിങ്കളാഴ്ച എട്ടുശതമാനമാണ് ഇടിഞ്ഞത്. കയറ്റുമതിയേക്കാള്‍ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്നനിലയില്‍ രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ