ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ‘പി.എം.മോദി’ എന്ന ചിത്രം തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യരുതെന്ന് സുപ്രീംകോടതി. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ഇടപ്പെടുകയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചിത്രം നരേന്ദ്ര മോദിയുടെ ജീവതമാത്രമല്ല പറയുന്നതെന്നും ചിത്രത്തിലെ സംഭാഷണങ്ങളും മറ്റും ജനപ്രതിനിധിയ്ക്ക് സ്തുതി പാടുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമയുടെ റിലീസ് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർമാതാക്കളുടെ ഹരജി പരിഗണിച്ചത്. സാധുചരിത്രവര്ണ്ണനയിൽ പെടുത്താവുന്ന ചിത്രമാണ് ഇതെന്നായിരുന്നു കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.
വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തിൽ ബോമൻ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബർഖ ബിഷ്ട്, ദർശൻ റവാൽ, അക്ഷദ് ആർ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ കാര്യേക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രം കണ്ടതിന് ശേഷം റിലീസുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനായിരുന്നു കോടതിയുടെ നിർദേശം.