സോംനാഥ്: രാമജന്മഭൂമിയില്‍ രാമക്ഷേത്രം പണിയണം എന്ന ആവശ്യമുയര്‍ത്തിക്കൊണ്ട് എല്‍.കെ.അഡ്വാനി നയിച്ച രാമരഥയാത്രയുടെ ശില്‍പിയും സൂത്രധാരനും നരേന്ദ്ര മോദിയാണെന്ന് ഗുജറാത്ത് അഭ്യന്തര സഹമന്ത്രി പ്രദീപ്‌ സിന്‍ഹ ജഡേജ. 1990 സെപ്റ്റംബര്‍ 25 നു സോമനാഥില്‍ നിന്നുമാണ് രഥയാത്ര ആരംഭിച്ചത് എന്നു പറഞ്ഞുകൊണ്ട് സോംനാഥിന്‍റെ രാഷ്ട്രീയപ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ബിജെപി മന്ത്രിയുടെ പ്രസ്താവന.

സോംനാഥില്‍ നടക്കുന്ന രണ്ടു ദിവസത്തെ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവില്‍ വെച്ചാണ് ജഡേജ വിവാദമാവാന്‍ സാധ്യതയേറെയുള്ള അവകാശവാദങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ‘ചലോ അയോധ്യ’ എന്ന മുദ്രാവാക്യം മുഴക്കികൊണ്ട് സോംനാഥില്‍ നിന്നും രാജ്യമൊട്ടാകെ വ്യാപിച്ച രാമരഥയാത്രയുടെ സൂത്രധാരനും ശില്‍പിയും ആരാണെന്നു നിങ്ങളെ അറിയിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. അത് മറ്റാരുമല്ല, രാജ്യമുടനീളം രാമനാമം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹത്തെപ്പോലെ രാമനാമം വ്യാപിപ്പിക്കുന്നതില്‍ നമ്മളും സമര്‍പിതമായിരിക്കണം.” ജഡേജ പറഞ്ഞു.

ഗാന്ധിനഗറില്‍ നിന്നുമുള്ള എംപി ആയിരുന്ന അഡ്വാനി നയിച്ച സോംനാഥ് രഥയാത്രയാണ് ബിജെപിക്ക് പരക്കെ ദേശീയ ശ്രദ്ധ നേടികൊടുക്കുന്നത്. ഗുജറാത്തിലെ സോംനാഥില്‍ നിന്നും ആരംഭിച്ച രാമരഥയാത്ര. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ താണ്ടി ബാബറി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍പ്രദേശില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് ബാബറി മസ്ജിദ് ധ്വംസന കേസില്‍ ഗൂഡാലോചനാകുറ്റം ചുമത്തികൊണ്ട് മുതിര്‍ന്ന ബിജെപി നേതാക്കളായ അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഉമാഭാരതിക്കും എതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

നൂറ്റിയമ്പതോളം ബിജെപി നേതാക്കള്‍ പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടീവില്‍ ബിജെപി ദേശീയ ജോയിന്‍റ് സെക്രട്ടറി വി.സതീഷ്‌, രൂപാനി, ഗുജറാത്ത് ഉപമുഖ്യമന്ത്രി സി.എം.നിതിന്‍ പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് ജിത്തു വഘാനി എന്നിവരും സന്നിഹിതരായിരുന്നു. ശനിയാഴ്ച ബിജെപി ദേശീയ പപ്രസിഡന്റ് അമിത് ഷായും എക്സിക്യൂട്ടീവിനായി എത്തിച്ചേരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ