ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ”ബിജെപി സ്ഥാനാർത്ഥി ആരാണെന്ന് ഓർക്കുക?. നിങ്ങൾ മറ്റാരെയും ഓർക്കേണ്ടതില്ല. താമരയെ മാത്രം ഓർമിക്കുക. വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ താമര ചിഹ്നത്തെ കാണുകയാണെങ്കിൽ, അത് ബിജെപിയാണെന്ന് മനസിലാക്കുക. ഇത് പറയാനാണ് ഞാൻ ഇവിടെ എത്തിയത്. താമര ചിഹ്നത്തിലുള്ള നിങ്ങളുടെ ഓരോ വോട്ടും അനുഗ്രഹമായി മോദിയുടെ അക്കൗണ്ടിൽ നേരിട്ട് എത്തും.”
പാർട്ടിയുടെ മുഖ്യമന്ത്രിമാർ ഭരണവിരുദ്ധതയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ആഴ്ചകളിൽ മോദിയെയാണ് കൂടുതലായി ആശ്രയിച്ചത്. മോദിയുടെ വരവ് ന്യൂഡൽഹിയിൽ തങ്ങൾക്കായി താൻ ഉണ്ടെന്ന് ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, വോട്ടർമാരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും അവരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും മോദിയല്ലാതെ മറ്റാരിലും പാർട്ടി വിശ്വസിക്കുന്നില്ല.
ബിജെപിയുടെ മുഖമാണ് മോദിയെങ്കിൽ, ഏത് തിരഞ്ഞെടുപ്പിനും മുന്നോടിയായി പാർട്ടി ഘടനയ്ക്ക് ദിശാബോധവും കെട്ടുറപ്പും ഊർജവും നൽകുന്ന പ്രധാന സംഘടനാ നേതാവാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉദാഹരണമായി ഗുജറാത്ത് നോക്കാം. കേന്ദ്രത്തിൽ കൂടുതൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഷാ സംസ്ഥാന ബിജെപിയുടെ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2021 സെപ്റ്റംബറിൽ വിജയ് രൂപാണിക്ക് പകരം ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്തുവെങ്കിലും ഷാ പങ്കെടുത്തില്ല.
ബി.എൽ.സന്തോഷ് (ജനറൽ സെക്രട്ടറി), മൻസുഖ് മാണ്ഡവ്യ (കേന്ദ്ര ആരോഗ്യമന്ത്രിയാകാൻ മോദി തിരഞ്ഞെടുത്തയാൾ), ജെ.പി.നദ്ദ (ബിജെപി പ്രസിഡന്റ്), സി.ആർ.പാട്ടീൽ (ഗുജറാത്ത് ഘടകം മേധാവി), ഭൂപേന്ദ്ര പട്ടേൽ എന്നിവരാണ് പാർട്ടി കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കടുത്ത മോദി വിശ്വസ്തനായി കണക്കാക്കപ്പെടുന്ന പാട്ടീലിനെ 2020 ജൂലൈയിൽ ഗുജറാത്ത് ബി.ജെ.പി തലവനായി നിയമിച്ചു. ഷായുടെ അനുയായിയായ ജിതു വഗാനിയെ ഈ സ്ഥാനത്തുനിന്നും മാറ്റി.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ശക്തമായ സ്വാധീനം ചെലുത്തുമെന്നും കടുത്ത എതിരാളികളാകുമെന്നായപ്പോൾ ഷാ രംഗത്തു വന്നു. ഒക്ടോബർ പകുതി മുതൽ, ബൂത്തുകൾ മുതൽ ജില്ലകൾ വരെ, സംസ്ഥാന തലം വരെയുള്ള നേതാക്കളുമായി മാരത്തൺ യോഗങ്ങൾ നടത്തി. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
മോദിയുടെയും ഷായുടെയും തണലിൽ ആക്രമണാത്മക പ്രചാരണങ്ങളിലൂടെയും വിവിധ പരിപാടികളിലൂടെയും ബിജെപിയെ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാൻ ശ്രമം നടന്നുവെങ്കിലും പാർട്ടിയുടെ സംസ്ഥാന യൂണിറ്റുകളിലെ നേതാക്കൾ പ്രതീക്ഷിച്ച രീതിയിൽ ഉയർന്നുവന്നില്ല. എല്ലാ മാസവും, ബിജെപി ഭാരവാഹികൾക്കും കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ദേശിയ നേതൃത്വത്തിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നൽകി. ഇതിലൂടെ വോട്ടർമാരിലേക്ക് എത്താനും മോദി സർക്കാരിന്റെ നേട്ടങ്ങൾ അവരെ അറിയിക്കാനും കഴിഞ്ഞു.
യുപിയിൽ പോലും, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആവർത്തിച്ചുള്ള വിജയം ഉറപ്പാക്കാൻ ഷാ മുന്നിട്ടിറങ്ങി. സംഘടനാ പ്രവർത്തനങ്ങളിലും പാർലമെന്ററി നടപടികളിലും പാർട്ടിയുടെ എംപിമാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നുവരാത്തതിലെ തന്റെ നിരാശ മോദി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.
ഹിമാചലിൽ വിമതരായിരുന്നു ബിജെപിയുടെ പ്രധാന പ്രശ്നം. വിമതരെ അനുനയിപ്പിക്കാൻ അവരിലൊരാളായ കൃപാൽ പർമറിനെ മോദി തന്നെ നേരിട്ട് വിളിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇതിന്റെ കോൾ റെക്കോർഡ് വൈറലായിരുന്നു. പ്രതിപക്ഷം ഇതിനെ ആയുധമാക്കുകയും ചെയ്തു. പക്ഷേ, പാർട്ടി ഔദ്യോഗികമായി ഇക്കാര്യം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആ കോളിൽ തെറ്റായിട്ട് എന്താണുള്ളത് എന്നായിരുന്നു ഒരു മുതിർന്ന നേതാവ് ചോദിച്ചത്. മോദിക്ക് തന്റെ നേതാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് മാത്രമാണ് ഇത് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നിരുന്നാലും, തസ്തികകളിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നതുപോലുള്ള ചില കാര്യങ്ങളെച്ചൊല്ലി പാർട്ടി അണികളിൽ ചില അതൃപ്തി ഉയർന്നുവരുന്നുണ്ട്. ഹിമാചലിൽ തിരഞ്ഞെടുപ്പ് സമയത്ത് ഇത് പരസ്യമായി പുറത്തുവന്നു. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ സംസ്ഥാന ഘടകങ്ങളിൽ നിരാശയുണ്ടാകുമോയെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.
ബിജെപിയുടെ മുഖമെന്ന നിലയിൽ മോദിയുടെയും, സംഘടനാ പ്രവർത്തകനായ ഷായുടെയും, സൗമ്യനായ തലവനെന്ന നിലയിൽ നദ്ദയുടെയും തന്ത്രമാണ് ഇതുവരെ വിജയിച്ചതെന്നത് പാർട്ടിയിൽ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. പക്ഷേ, അതിനെ സമർത്ഥമായി പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലായെന്നതാണ് വസ്തുത.