scorecardresearch
Latest News

അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല: റഷ്യയുമായി എസ് 400 കരാറില്‍ ഇന്ത്യ ഒപ്പുവച്ചു

റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നതിന് അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയത്.

അമേരിക്കന്‍ ഭീഷണി വിലപ്പോയില്ല: റഷ്യയുമായി എസ് 400 കരാറില്‍ ഇന്ത്യ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതിനാണ് ഇന്ത്യയും റഷ്യയും തമ്മില്‍ കരാറൊപ്പിട്ടത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് കരാറൊപ്പിട്ടത്.

2020 മുതല്‍ മിസൈലുകള്‍ റഷ്യ ഇന്ത്യയ്ക്ക് നല്‍കിത്തുടങ്ങും. അതേസമയം, റഷ്യയില്‍ നിന്ന് മിസൈല്‍ വാങ്ങുന്നതിന് അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയത്. എസ് 400 മിസൈലിന് പുറമെ 14,000 കോടി രൂപയുടെ യുദ്ധക്കപ്പല്‍, 7000 കോടി രൂപയുടെ ഹെലികോപ്ടര്‍ എന്നിവ വാങ്ങുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തുമെന്നാണ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

500 കോടി ഡോളറിന്റെ (ഏകദേശം 39,000 കോടി രൂപ) അഞ്ച് എസ്-400 ട്രംഫ് വ്യോമ പ്രതിരോധ മിസൈലുകളാണ് ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ പുടിനെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ഇന്ന് 19-ാമത് ഇന്‍ഡോ-റഷ്യന്‍ വാര്‍ഷിക ഉഭയകക്ഷി സമ്മേളനത്തില്‍ നരേന്ദ്ര മോദിയും പുടിനും പങ്കെടുക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Modi and putin meets and signed s 400 agreement