ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന വകുപ്പ് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെയും അതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയ ആഭ്യന്തര മന്ത്രി അമിത് ഷായേയും പുകഴ്ത്തി നടൻ രജനീകാന്ത്. അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മഹാഭാരതത്തിലെ അർജുനനും ശ്രീകൃഷ്ണനുമായാണ് രജനീകാന്ത് താരതമ്യപ്പെടുത്തിയത്. എന്നാൽ ഇതിൽ അർജുനൻ ആരാണെന്നും കൃഷ്ണൻ ആരാണെന്നും മോദിക്കും ഷായ്ക്കും മാത്രമേ അറിയുകയുള്ളൂവെന്നും രജനീകാന്ത് പറഞ്ഞു.

“കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” രജനീകാന്ത് പറഞ്ഞു.

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്. ഇന്ന് രാവിലെയായിരുന്നു പുസ്തക പ്രകാശനം. വാർത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പുസ്തകം പുറത്തിറക്കി.

“നിങ്ങൾക്കും രാജ്യത്തിനും ആശംസകൾ,” മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയും ഡെപ്യൂട്ടി ഒ.പന്നീർസെൽവവും പങ്കെടുത്ത പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ഷായെ ചൂണ്ടിക്കാണിച്ച് രജനീകാന്ത് പറഞ്ഞു.

ആത്മീയതയുടെ പാതയിലുള്ള വ്യക്തിയായ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് താൻ എല്ലായ്പ്പോഴും ആശ്ചര്യപ്പെടുന്നുണ്ടെന്ന് സൂപ്പർ സ്റ്റാർ പറഞ്ഞു. “ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു. വെങ്കയ്യ ജി ഒരു ആത്മീയ വ്യക്തിയാണ്, അദ്ദേഹം എങ്ങനെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് എനിക്കറിയില്ല. വെങ്കയ്യ ജിക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത അസാധാരണമാണ്. സുഹൃത്തുക്കളെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം,”സൂപ്പർ സ്റ്റാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook