ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഭരണത്തിനിടിയില്‍ ഒരു പത്രസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തനിക്ക് മാധ്യമങ്ങളെ പേടിയില്ലെന്ന് അറിയിക്കാനായി ഇപ്പോള്‍ പലയിടത്തും മോദി അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെയും നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. തത്സമയ അഭിമുഖമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം അഭിമുഖങ്ങള്‍ പകര്‍ത്തുന്ന ക്യാമറ തന്നെ വില്ലന്മാരായി മാറാറുണ്ട്.

മോദി ന്യൂസ് നാഷന് നല്‍കിയ അഭിമുഖവും നേരത്തെ എഴുതി തയ്യാറാക്കിയതാണെന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവതാരകനായ ദിപക് ചൗരസ്സിയ മോദിയോട് കവിതയെ കുറിച്ച് ചോദിക്കുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ എപ്പോഴെങ്കിലും കവിയായ മോദി കവിത എഴുതിയിട്ടുണ്ടോ?’ എന്നാണ് ദീപക് മോദിയോട് ചോദിക്കുന്നത്. താന്‍ ഇന്ന് രാവിലെ ഹിമാചല്‍ പ്രദേശില്‍ നിന്നും വരുന്ന വഴി ഒരു കവിത എഴുതി എന്നാണ് മോദി പറയുന്നത്.

ഒരു ഫയല്‍ അദ്ദേഹം കൈയ്യില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. അതില്‍ മോദി കവിത എഴുതിയ കടലാസിലേക്ക് ക്യാമറ സൂം ചെയ്യുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കവിതയ്ക്ക് മുകളിലുളള ഒരു വരിയും ക്യാമറയില്‍ പകര്‍ത്തപ്പെടുന്നുണ്ട്.

’27. അവസാനം കവിയായ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിങ്ങള്‍ ഏതെങ്കിലും കവിത എഴുതിയിട്ടുണ്ടോ?’ ഈ ചോദ്യത്തിന് താഴെയാണ് കവിതയും എഴുതിയിരിക്കുന്നത്. നേരത്തേ ചോദ്യം എഴുതി നല്‍കി എന്നതിനപ്പുറം ഇതിന്റെ ഉത്തരവും തൊട്ടു താഴെയായി നല്‍കി എന്നതാണ് ശ്രദ്ധേയം.

മോദി മുമ്പ് എഎന്‍ഐയ്ക്കും എബിപി ന്യൂസിനും നല്‍കിയ അഭിമുഖങ്ങളും കെട്ടിച്ചമച്ചതാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. കോണ്‍ഗ്രസിന്റെ ദിവ്യ സ്‌പന്ദനയും ഈ വീഡിയോ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാര്‍മേഘമുളള രാത്രി പാക് റഡാറുകള്‍ക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ കണ്ടെത്താനാവില്ലെന്ന് താന്‍ വിദഗ്ധരോട് പറഞ്ഞതായി മോദി വെളിപ്പെടുത്തിയതും ഈ അഭിമുഖത്തിലായിരുന്നു.

PM Modi Interview to Indian Express: നരേന്ദ്ര മോദിയുമായി അഭിമുഖം

‘എനിക്ക് ശാസ്ത്രമൊന്നും അറിയില്ല. രാത്രി 9.30 ഓടെ ഞാന്‍ വ്യോമാക്രമണത്തിനുളള കാര്യങ്ങള്‍ അവലോകനം ചെയ്തു. 12 മണിയോടെ വീണ്ടും പരിശോധിച്ചു. കാലാവസ്ഥ പെട്ടെന്ന് മോശമായത് ആയിരുന്നു ഞങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്ന പ്രശ്നം. അന്ന് ഒരുപാട് മഴ പെയ്തത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. എന്നെ ചീത്ത പറയുന്ന പണ്ഡിതന്മാരൊന്നും ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല (ചിരിച്ച് കൊണ്ട് മോദി പറയുന്നു). ഈ കാലാവസ്ഥയില്‍ എന്തു ചെയ്യും എന്നാണ് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചത്. മേഘങ്ങളുണ്ട്, മഴയുമുണ്ട്. മറ്റൊരു ദിവസം ആക്രമണം നടത്താമെന്നാണ് വിദഗ്‌ധര്‍ പറഞ്ഞത്,’ മോദി പറയുന്നു. വ്യോമസേന ഉന്നതന്റെ നിര്‍ദേശം മറികടന്നുവെന്നാണ് മോദി ഈ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണം മോദിയുടെ നിക്ഷിപ്ത താത്പര്യത്തില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ തെറ്റായ തീരുമാനത്തെ തിരുത്താന്‍ കാബിനറ്റിലോ ഭരണതലത്തിലോ ആളുകളുണ്ടായില്ലെന്നത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Read More: ‘കാര്‍മേഘം റഡാറില്‍ നിന്നും രക്ഷിക്കും, ആക്രമണം നടത്തിക്കോളൂ’; മോദിയുടെ അശാസ്ത്രീയ പ്രസ്താവനയ്ക്ക് പരിഹാസം

‘എന്റെ മനസില്‍ അപ്പോള്‍ രണ്ട് കാര്യങ്ങളാണ് ആശങ്കപ്പെടുത്തിയത്. ഒന്ന് ഇതിന്റെ രഹസ്യസ്വഭാവം, മറ്റൊന്ന് എനിക്ക് ഈ ശാസ്ത്രമൊന്നും അറിയില്ല എന്ന കാര്യവും. പക്ഷെ ഞാന്‍ ചിന്തിച്ചത് മറ്റൊന്നാണ്. അന്ന് മേഘങ്ങളും മഴയും ഉണ്ടായിരുന്നു. അതുകൊണ്ട് നമുക്ക് റഡാറില്‍ നിന്നും രക്ഷപ്പെടാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയം ഞാന്‍ പറഞ്ഞു…മേഘങ്ങളുണ്ട്, ഓപ്പറേഷനുമായി മുന്നോട്ട് പോകൂ, അങ്ങനെ അവര്‍ ആരംഭിച്ചു,’ മോദി പറയുന്നു.

1987 – 88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ ക്യാമറ ആദ്യമായി ഉപയോഗിച്ചു എന്നും മോദി ഇതേ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നു. മോദിയുടെ ഗാഡ്ജറ്റ് സ്നേഹത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചോദിച്ചത്. സാങ്കേതിക ഉപകരണങ്ങളുമായുളള തന്റെ ഭ്രമം തുടങ്ങുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ആകുന്നതിനും മുമ്പാണെന്ന് മോദി പറയുന്നു. ടച്ച് സ്ക്രീനില്‍ ഉപയോഗിക്കുന്ന സ്റ്റെലസ് പെന്‍ താന്‍ 1990കളില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ‘മറ്റാരെങ്കിലും അന്ന് ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല, 1987-88ല്‍ ഞാനാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചത്,’ മോദി പറഞ്ഞു. ഇന്ത്യയില്‍ തന്നെ താനാണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചതെന്നാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

Read More: ‘1980കളില്‍ ഡിജിറ്റല്‍ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചു’; പരിഹസിക്കപ്പെട്ട് മോദിയുടെ മറ്റൊരു പ്രസ്താവന

അഹമ്മദാബാദിലെ വിരംഗം തെഹ്സിലില്‍ വച്ച് ബിജെപി നേതാവ് എൽ.കെ.അഡ്വാനിയുടെ ചിത്രം പകര്‍ത്തിയതായും ഇത് ഡല്‍ഹിയിലേക്ക് ഇ-മെയിലായി അയച്ചതായും മോദി അവകാശപ്പെട്ടു. ‘ആ സമയത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ-മെയില്‍ ഉണ്ടായിരുന്നുളളൂ. ഡല്‍ഹിയില്‍ അടുത്ത ദിവസം തന്റെ കളര്‍ ചിത്രം കണ്ട അഡ്വാനി അത്ഭുതപ്പെട്ട് പോയി,’ മോദി പറഞ്ഞു. ഇതിന് പിന്നാലെ മോദിക്ക് ട്രോളുകളുടെ പെരുമഴയായിരുന്നു.

Read More: ‘വിജയ് മല്യ രാജ്യം വിട്ടത് കാര്‍മേഘം മൂടിയ ഒരു രാത്രി’; മോദിയുടെ ‘മേഘ സിദ്ധാന്തം’ ട്രോളി സോഷ്യല്‍ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook