രാജ്യത്ത് 15 വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഒമിക്രോൺ വ്യാപനം അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻനിര തൊഴിലാളികൾക്കും അതുപോലെ 60 വയസ്സിനു മുകളിലുള്ളവർക്കും കോമോർബിഡിറ്റികൾ ഉള്ളവർക്കും വാക്സിനേഷന്റെ മുൻകരുതൽ ഡോസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“ലോകത്തിന്റെ പല രാജ്യങ്ങളിലും കൊവിഡിന്റെ പുതിയ ഒമിക്രോൺ വകഭേദം കാരണം അണുബാധകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു, പരിഭ്രാന്തരാകരുത്, ജാഗ്രത പാലിക്കുക, പതിവായി മാസ്കുകൾ ഉപയോഗിക്കുക, കൈകൾ അണുവിമുക്തമാക്കുക,” നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിൽ 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്സിജൻ സപ്പോർട്ടഡ് ബെഡുകളും 1.40 ലക്ഷം ഐസിയു ബെഡുകളും 90,000 പീഡിയാട്രിക് ഐസിയുവും നോൺ ഐസിയു ബെഡുകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നമുക്ക് 3,000-ലധികം പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്, 4 ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ രാജ്യത്തുടനീളം വിതരണം ചെയ്ത,” അദ്ദേഹം പറഞ്ഞു.
“കോവിഡ് 19 ന്റെ ഗൗരവം മനസ്സിലാക്കി, ഇന്ന് ഇന്ത്യയിൽ 141 കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ട്. യോഗ്യരായ 90ശതമാനത്തിലധികം ആളുകൾക്ക് വാക്സിനിൻറെ ആദ്യ ഡോസ് വാക്സിനേഷൻ നൽകിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവാക്സിൻ 12 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് നൽകാൻ അനുമതി