മുംബൈ: മോഡലായ 20 കാരിയെ 19 കാരൻ കൊന്നത് ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ചതിനാലെന്ന് പൊലീസ്. ചോദ്യം ചെയ്യലിലാണ് മുസാമിൽ സയീദ് ഇക്കാര്യം പൊലീസിനോട് പറഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സയീദും കൊല്ലപ്പെട്ട മാൻസി ദീക്ഷിതും കുറച്ചു മാസങ്ങളായി സുഹൃത്തുക്കളായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അന്ധേരി വെസ്റ്റിലെ മിലത് നഗറിലുളള സയീദിന്റെ വീട്ടിൽ മാൻസി കൊല്ലപ്പെടുന്ന അന്ന് ആദ്യമായാണ് എത്തിയത്. ഇരുവരും അന്ന് ആദ്യമായിട്ടാണ് നേരിൽ കാണുന്നത്. സംസാരിക്കുന്നതിനിടയിൽ മാൻസിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആഗ്രഹമുണ്ടെന്ന് സയീദ് പറഞ്ഞു. മാൻസി ഇതു നിരസിച്ചതോടെ ദേഷ്യം കൊണ്ട സയീദ് കസേര ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
മാൻസി ബോധരഹിതയായതോടെ ഭയന്ന സയീദ് വെളളം മുഖത്ത് തളിച്ച് ഉണർത്താൻ ശ്രമിച്ചു. അപ്പോൾ മാൻസിക്ക് ചെറുതായി ബോധം തെളിഞ്ഞു. അമ്മ ഏതു നിമിഷം വീട്ടിൽ എത്തിയേക്കാമെന്ന് ഭയന്ന സയീദ് കയർ ഉപയോഗിച്ച് മാൻസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഉപേക്ഷിച്ചുവെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
അതേസമയം, സയീദ് ഇടയ്ക്കിടെ മൊഴികൾ മാറ്റുന്നതിനാൽ ഇത് വിശ്വാസത്തിലെടുക്കാനാവില്ലെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും നിരവധി പേരിൽനിന്നും മൊഴികൾ എടുക്കുന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാൻ സ്വദേശിയായ 20 കാരി മാൻസി ദീക്ഷിതാണ് കൊല്ലപ്പെട്ടത്. മോഡലിങ് ചെയ്യാനാണ് രാജസ്ഥാനിൽനിന്നും മാൻസി മുംബൈയിൽ എത്തിയത്.