പ്രശസ്ത മോഡലും ടിവി അവതാരകയുമായ സോണിക ചൗഹാൻ കാറപകടത്തിൽ മരിച്ചു. കൊൽക്കത്തയിൽവച്ച് ഇന്നു രാവിലെയായിരുന്നു അപകടം. സോണിക സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന സോണികയുടെ സുഹൃത്തും ബംഗാളി നടനുമായ വിക്രം ചാറ്റർജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നത് വിക്രമായിരുന്നു.

അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകട സ്ഥലത്തുതന്നെ സോണിക മരിച്ചു. പ്രദേശവാസികളാണ് വിക്രമിനെ ആശുപത്രിയിലെത്തിച്ചത്. എതിർദിശയിൽ വന്ന വാഹനത്തെ കണ്ട് വെട്ടിച്ചപ്പോഴാണ് കാർ ഡിവൈഡറിലിടിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ അറിയപ്പെടുന്ന മോഡലാണ് സോണിക. 2013 ൽ ‘മിസ് ഡിവ’ മൽസരത്തിൽ പങ്കെടുക്കുകയും ‘മിസ് പോപുലർ’ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. പ്രോ കബഡി ലീഗിൽ അവതാരകയായിരുന്നു. ടിവി അവതാരക കൂടിയാണ്. ബംഗാളി സിനിമയിൽ അറിയപ്പെടുന്ന നടനാണ് വിക്രം ചാറ്റർജി. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ