ന്യൂഡെല്‍ഹി: യുദ്ധത്തിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. അഭിപ്രായ സ്വാതന്ത്രം എല്ലാവര്‍ക്കും തുല്യവും പൂര്‍ണ്ണവും ആയിരിക്കണമെന്ന് ഗംഭീര്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ദിനചര്യകളില്‍ പോലും നാം ഇത് നടപ്പിലാക്കണമെന്ന കാര്യം ഇപ്പോഴെങ്കിലും നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സൈന്യത്തെ താനും ബഹുമാനിക്കുന്നുണ്ട്. രാജ്യത്തിനും ജനതയ്ക്കും വേണ്ടിയാണ് അവര്‍ സേവനം നടത്തുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്നും ഗംഭീര്‍ പറയുന്നു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉളള രാജ്യത്താണ് നാം ജീവിക്കുന്നത്. ഇവിടെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട്. അച്ഛനെ നഷ്ടപ്പെട്ട ഒരു മകള്‍ക്ക് സമാധാനം ആഗ്രഹിച്ച് യുദ്ധ ഭീതിയെക്കുറിച്ച് പോസ്റ്റ് ഇടാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവളെ വളഞ്ഞിട്ട് പരിഹസിച്ച് തങ്ങളുടെ രാജ്യസ്നേഹം എത്രത്തോളമുണ്ടെന്ന് പ്രകടമാക്കാനുള്ള അവസരമല്ല ഇത്. രാജ്യത്തെ എല്ലാ പൗരന്‍മാരേയും പോലെ അവള്‍ക്കും സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അതിനോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം, പക്ഷെ അതിന്റെ പേരില്‍ അവരെ പരിഹസിക്കുന്നത് നികൃഷ്ടമായ പ്രവൃത്തിയാണെന്നും ഗംഭീര്‍ വീഡിയോയില്‍ പറയുന്നു.

ദല്‍ഹി രാംജാസ് കോളേജിലെ എ.ബി.വി.പി ആക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രചരണം ആരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറിന്റെ യുദ്ധത്തിനെതിരായ പഴയ പോസ്റ്റ് ചര്‍ച്ചയായത്. പാക്കിസ്ഥാനല്ല യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന പെണ്‍കുട്ടിയുടെ പോസ്റ്റിനെ പരിഹസിച്ച് ഗംഭീറിന്റെ സഹതാരമായിരുന്ന സെവാഗ് ഉള്‍പ്പെടെ പലരും രംഗത്തെത്തിയിരുന്നു ഇവര്‍ക്കുള്ള മറുപടിയായാണ് ഗംഭീറിന്റെ ട്വീറ്റ്.

എന്നാല്‍ താന്‍ ഗുര്‍മെഹറിനെ പരിഹസിക്കാനല്ല ട്വീറ്റ് ചെയ്തതെന്ന് പറഞ്ഞ് സെവാഗ് രംഗത്തെത്തിയിരുന്നു. താന്‍ കേവലം തമാശ മാത്രമാണ് ഉദ്ദേശിച്ചത്. ഗുര്‍മെഹറിനെ ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റ്. ജനങ്ങള്‍ അത് തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും സെവാഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ