ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുക്തിരഹിതമായ മര്‍ക്കടമുഷ്ടി ഭരണഘടനയെ കൊഞ്ഞനം കുത്തുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പൊളളയായ വിജയം ബിജെപി ആഘോഷമാക്കുന്ന ഈ പ്രഭാതത്തില്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യെഡിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ഉൾപ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡിഎസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കർണാടകയിൽ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു തടയാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കൂർ പിന്നിട്ട മാരത്തോണ്‍ വാദത്തിനു ശേഷമാണ് പരമോന്നത കോടതി വാക്കാൽ പരാമർശിച്ചത്. എന്നാൽ വിഷയത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹർജിയിൽ യെഡിയൂരപ്പയെ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചു.