ന്യൂഡല്‍ഹി: ശ്രീലങ്കയിൽ ഇസ്‌ലാം മതവിശ്വസിയായ മധ്യവയസ്കനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. രാജ്യത്ത് മുസ്‌ലിം വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിന് ഇടയിലാണ് 45കാരനെ കൊലപ്പെടുത്തിയത്. ഈസ്റ്റര്‍ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീലങ്കയില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണവും പ്രക്ഷോഭവും അരങ്ങേറിയത്.

ആള്‍ക്കൂട്ടം മർദിച്ചതിനെ തുടർന്ന് പുട്ടലാം ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് 45കാരന്‍ മരിച്ചത്. ‘ആശാരിപ്പണി ചെയ്യുകയായിരുന്ന അദ്ദേഹത്തിന്റെ കടയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചുകയറി മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു’ എന്ന് പൊലീസ് വ്യക്തമാക്കി.

ശ്രീലങ്കയിലെ ചിലാവ് നഗരത്തില്‍ മുസ്‌ലിം പള്ളികൾക്കുനേരെയും മുസ്‌ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കുനേരെയും ആക്രമണമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ വരെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. പിന്നീട് അക്രമം മൂന്ന് ജില്ലകളിലേക്ക് വ്യാപിച്ചതോടെ കര്‍ഫ്യൂ നീട്ടി. ഞായറാഴ്ചയാണ് മുസ്‌ലിം പള്ളികള്‍ക്ക് നേരെയും മുസ്‌ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായത്.

യുവാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ ആള്‍ക്കൂട്ടം മർദിച്ചതായും പരാതിയുണ്ട്. അതിനിടെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മറ്റുചിലയിടങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി. ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ ചാവേര്‍ ആക്രമണങ്ങള്‍ നടന്നത്. ക്രിസ്ത്യന്‍ ആരാധാനാലയങ്ങള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്ക് നേരെയുമാണ് ആക്രമണമുണ്ടായത്. 258 പേര്‍ കൊല്ലപ്പെടുകയും 500ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook