ന്യൂഡല്‍ഹി:യുദ്ധത്തെത്തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യര്‍ത്ഥികള്‍ക്ക് മറ്റ് രാജ്യങ്ങളിലെ കോളേജുകളില്‍ പഠനം തുടരാന്‍ അനുവദിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍(എന്‍എംസി). യുക്രെയ്ന്‍ വാഗ്ദാനം ചെയ്യുന്ന മൊബിലിറ്റി പ്രോഗ്രാം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പരിഗണിച്ചതായി അറിയിക്കുന്നു. അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ മറ്റ് സര്‍വകലാശാലകളിലേക്കുള്ള താല്‍ക്കാലിക സ്ഥലംമാറ്റമാണ്. എന്നിരുന്നാലും, ബിരുദം മാതൃ യുക്രേനിയന്‍ സര്‍വകലാശാല നല്‍കും, ”എന്‍എംസിയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
യുക്രെയ്നില്‍ പഠിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് അക്കാദമിക് മൊബിലിറ്റിക്ക് കമ്മീഷന്‍ എതിര്‍പ്പറിയിച്ചപ്പോള്‍ സ്‌ക്രീനിംഗ് ടെസ്റ്റ് റെഗുലേഷന്‍സ് 2022-ന്റെ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുക്രേനിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ‘മൊബിലിറ്റി പ്രോഗ്രാം’ അംഗീകരിക്കുന്നില്ലെന്ന് എന്‍എംസി പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനം.
‘മൊബിലിറ്റി പ്രോഗ്രാമിന്’ കീഴില്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്’ പ്രോഗ്രാമിന് കീഴില്‍ കുറച്ച് സെമസ്റ്ററുകളിലേക്ക് മറ്റൊരു സര്‍വകലാശാലയില്‍ പഠിക്കാന്‍ തിരഞ്ഞെടുക്കാം. ഇതുകൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്ലൈന്‍ ക്ലാസുകള്‍ക്കായി യുക്രേനിയന്‍ സര്‍വ്വകലാശാലയിലേക്ക് മടങ്ങാനോ ഓണ്‍ലൈനില്‍ തിയറി പഠനം തുടരാനോ അടുത്ത സെമസ്റ്റര്‍ ആരംഭിക്കുമ്പോള്‍ 2023 ഫെബ്രുവരിയില്‍ പ്രായോഗിക പരിശീലനത്തിനായി മടങ്ങാനോ ഉള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.