ന്യൂഡല്‍ഹി: തീവ്രവാദികള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുവെന്ന് വിലയിരുത്തി 14 മൈബൈല്‍ ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരില്‍ തീവ്രവാദികളും അവരെ പിന്തുണയ്ക്കുന്നവരും ഉപയോഗിക്കുന്ന 14 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കേന്ദ്രം നിരോധിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ശുപാര്‍ശ പ്രകാരം ബന്ധപ്പെട്ട വകുപ്പ് വിക്രം, മീഡിയഫയര്‍, ബ്രയാര്‍, ബിചാറ്റ്, നാന്‍ഡ്ബോക്സ്, കോണ്‍യോണ്‍, ഐഎംഒ, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ, ക്രിപ്വൈസര്‍, എനിഗ്മ, സേഫ്വിസ് എന്നിവ ബ്ലോക്ക് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ”തുടക്കത്തില്‍, ഒരു പ്രമുഖ മെസഞ്ചര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ 15 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തിരിച്ചറിഞ്ഞു, എന്നാല്‍ പിന്നീട് 14 ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു,” ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 ലെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്പുകള്‍ ബ്ലോക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
ആപ്പുകള്‍ ഉപയോഗിച്ച് തീവ്രവാദികളും അവരെ പിന്തുണയ്ക്കുന്നവരും ജമ്മു കശ്മീരിലെ തീവ്രവാദികളെ സഹായിക്കുന്നവരുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ”ഈ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രതിനിധികളില്ല, ഇന്ത്യന്‍ നിയമങ്ങള്‍ അനുശാസിക്കുന്ന വിവരങ്ങള്‍ തേടുന്നതിന് അവരെ ബന്ധപ്പെടാന്‍ കഴിയില്ല,” ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ആപ്ലിക്കേഷനുകളില്‍ ഭൂരിഭാഗവും ഉപയോക്താക്കള്‍ക്ക് അജ്ഞാതമായി തുടരാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അവയുടെ സവിശേഷതകള്‍ ഈ ആപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ എംഎച്ച്എയെ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഹാനികരവും സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തീവ്രവാദികളെ ഉള്‍പ്പെടെ സഹായിക്കുന്നു,” മറ്റൊരു ഉറവിടം പറഞ്ഞു.