scorecardresearch
Latest News

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി; ‘ജനങ്ങളെ പരിഭ്രാന്തരാക്കരുത്’

ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണമെന്നും കോടതി

ന്യൂഡൽഹി: മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കൂടുതൽ വ്യക്തത വരുത്തണമെന്നും ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഉപഭോക്താക്കളെ എല്ലാ കാര്യങ്ങളും കൃത്യമായി അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് സന്ദേശം അയച്ച് പേടിപ്പിക്കുന്ന പ്രവൃത്തി ബാങ്കുകളും ടെലിഫോണ്‍ കമ്പനികളും നിര്‍ത്തണമെന്നും കോടതി അറിയിച്ചു. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാല്‍ തനിക്കും ഇത്തരം സന്ദേശം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ജസ്റ്റിസ് എ.കെ.സിക്രി പറഞ്ഞത്. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഉപഭോക്താക്കളെ പരിഭ്രാന്തരാക്കാതെ ഇവ ബന്ധിപ്പിക്കാനുളള അവസാന തീയതി എന്നാണെന്ന് സൂചിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ആധാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഭരണഘടനാ ബെഞ്ച് എടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇലക്ട്രോണിക് കെവൈസി (E-Know Your Customer) സംവിധാനത്തിലൂടെ ഫെബ്രുവരി 6ന് മുമ്പ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര നിര്‍ദേശം. ഇതോടെ പുതിയ ബാങ്ക് അക്കൗണ്ട് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും ഭക്ഷണം നിഷേധിക്കപ്പെട്ട് മരിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mobile aadhaar link must by feb